‘സച്ചിദാനന്ദൻ പറയുന്നത് തെറ്റ്, ബൂർഷ്വാസികളെ ഭരണം ഏൽപിക്കണോ?’; ചൈനയിൽ കമ്യൂണിസ്റ്റ് ഭരണം ഇപ്പോഴുമുണ്ടെന്ന് ജി. സുധാകരൻ

ആലപ്പുഴ: തുടർഭരണം പാടില്ലെന്ന് പറഞ്ഞ് സർക്കാരിനെ വിമർശിച്ച സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദന്‍റെ നിലപാട് തള്ളി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. തുടർച്ചയായ മൂന്നാം ഭരണം അപകടകരമല്ലെന്ന് ജി. സുധാകരൻ വ്യക്തമാക്കി.

സച്ചിദാനന്ദന്‍ പറഞ്ഞതിനെ ശത്രുതാപരമായി എടുക്കേണ്ടതില്ല. ലോക ചരിത്രം മനസിലാക്കിയിട്ടല്ല അദ്ദേഹം പറഞ്ഞത്. നിലവിലെ സർക്കാറിനോട് അദ്ദേഹത്തിന് താൽപര്യമില്ലെന്ന് മനസിലായി. സർക്കാറിന്‍റെ തകരാർ എന്തെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

അധികാരം ചൂഷകരെ മാറ്റിനിർത്താനുള്ള ഉപാധിയാണ്. ബൂർഷ്വാസികളെ ഭരണം ഏൽപിക്കണം എന്നാണോ സച്ചിദാനന്ദന്‍ പറയുന്നത്. തീയററ്റിക്കലായും ചരിത്രപരമായും തെറ്റാണ്. സോവിയറ്റ് യൂനിയനിൽ സോഷ്യലിസം 70 വർഷം നീണ്ടുനിന്നു. ഗോർബെച്ചേവിന്‍റേത് സോഷ്യലിസത്തിന് നിരക്കാത്ത രീതികളായിരുന്നു. സാമ്രാജത്വവുമായി കൂടിയാലോചിച്ചാണ് ഗോർബെച്ചേവ് രാജ്യത്തെയും പാർട്ടിയെയും പിരിച്ചുവിട്ടത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം ഇപ്പോഴും നിലനിൽക്കുകയാണ്. ഇടക്കിടെ മാറി കൊടുക്കണമെന്നാണോ? എത്രകാലം ഭരിച്ചൂ എന്നല്ല, ഭരിച്ച കാലം നാടിന് വേണ്ടി എന്ത് ചെയ്തു എന്നതാണ്. സ്ഥിരമായി നാടിന് വേണ്ടി നല്ല ഭരണം കാഴ്ചവെച്ചാൽ, എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച്, വോട്ട് ചെയ്യാത്തവരെ ശത്രുകളായി കാണാതെ, അഴിമതി കാണിക്കാതെ, പ്രാപ്തിയുള്ള നല്ല ഭരണാധികാരികളെ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുവെച്ചാൽ എത്രകാലം ഭരിച്ചാലും അവർ തെറ്റുചെയ്യില്ല.

ഇടത് സർക്കാറിനെയോ മന്ത്രിയെയോ വിമർശിച്ച് താൻ പ്രസ്താവന ഇറക്കിയിട്ടില്ല. അത് തെറ്റിദ്ധാരണയാണ്. ചില കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് ഇനിയും പറയും. ഒരു സർക്കാർ നിൽക്കുമ്പോൾ താൻ പഠിച്ചിട്ടുള്ള മാർക്സിസ്റ്റ് ലൈൻ അനുസരിച്ചുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.

സച്ചിദാനന്ദനെതിരായ സൈബർ ആക്രമണത്തെ കുറിച്ചും ജി. സുധാകരൻ പ്രതികരിച്ചു. വിമർശനത്തെ ആക്ഷേപിക്കേണ്ട കാര്യമില്ല. സൈബർ ആക്രമണം ആർക്ക് വേണ്ടി നടത്തുന്നോ ആ പ്രസ്ഥാനത്തിന് അത് ദോഷകരമായി മാത്രമേ ഭവിക്കൂ. കേരളത്തിന്‍റെ മനസ് സൈബർ ആക്രമണത്തെ പിന്തുണക്കുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.

രണ്ടു തവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നാണ് കെ. സച്ചിദാനന്ദൻ പ്രതികരിച്ചത്. മുന്ന‍ണികൾ മാറി മാറി ഭരിക്കന്നതാണ് നല്ലത്. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും ഇതുതന്നെയാണ് പറയുക. തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ ഭരണത്തിലൂടെ അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും. അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കണം. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും. അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

Tags:    
News Summary - What Satchidanandan is saying is wrong- G. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.