തിരുവനന്തപുരം: കേരള സർവകലാശാലയിൽ പോര് മുറുകുന്നതിനിടെ രജിസ്ട്രാറുടെ നിയമനത്തെ ചൊല്ലിയും വാദപ്രതിവാദം. നിയമപ്രകാരമല്ല രജിസ്ട്രാർ നിയമനം നടന്നതെന്നാരോപിച്ച് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണറെ സമീപിച്ചപ്പോൾ നിയമനം ചട്ടപ്രകാരമാണെന്ന് സ്ഥാപിച്ച് മറുവിഭാഗവും തെളിവുകൾ പുറത്തുവിട്ടു.
സർവകലാശാല സ്റ്റാറ്റ്യൂട്ട് 12 (4) പ്രകാരം സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നത് കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് മാത്രമേ പാടുള്ളൂവെന്നാണ് വ്യവസ്ഥയെന്നും എന്നാൽ അനിൽകുമാർ കേരള സർവകലാശാലയുടെ കീഴിലുള്ള സ്വകാര്യ കോളജിലെ അധ്യാപകനാണെന്നുമാണ് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ വാദം. സർക്കാറിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് അദ്ദേഹം രജിസ്ട്രാറായി തുടരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിയമനം അസാധുവാണെന്ന് കാട്ടാൻ കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ നിയമനത്തിനെതിരെ ഹൈകോടതിയിലെത്തിയ ക്വാവാറണ്ടോ ഹരജിയും ഇവർ ഉയർത്തിക്കാട്ടുന്നു.
എന്നാൽ, കേരള സർവകലാശാല രജിസ്ട്രാറുടെ നിയമനം കേരള യൂനിവേഴ്സിറ്റി ഫസ്റ്റ് സ്റ്റാറ്റ്യൂട്ട് 1997ലെ സ്റ്റാറ്റ്യൂട്ട് 12(1) പ്രകാരമാണെന്നാണ് മറുപക്ഷത്തിന്റെ വാദം. 2021 ജനുവരി 11ന് രജിസ്ട്രാറുടെ നേരിട്ടുള്ള നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും 2021 ജനുവരി 19ന് നോട്ടിഫിക്കേഷൻ ഇറക്കുകയും ചെയ്തു. 2021 ഫെബ്രുവരി 22ന് ഇന്റർവ്യൂ നടത്തി മെറിറ്റിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി നാല് വർഷത്തേക്ക് നേരിട്ടാണ് നിയമനം നടത്തിയത്. 2021 ഫെബ്രുവരി 23ന് ചുമതലയേൽക്കുകയും ഓഫിസ് ഓർഡർ ഇറക്കുകയും ചെയ്തിട്ടുണ്ട്. അനിൽകുമാർ ഗവ. എയ്ഡഡ്കോളജ് അധ്യാപകനായതുകൊണ്ട് സർക്കാറിന്റെ നിരാക്ഷേപ പത്രം ആവശ്യമുള്ളതിനാൽ സേവന വേതന വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് സർക്കാർ ഈ നാല് വർഷ നിയമനത്തെ ഡെപ്യൂട്ടേഷനായി പരിഗണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.