ചെന്താമര ഇനി പുറത്തിറങ്ങരുത്; വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെ പെൺമക്കൾ

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിൽ പ്രതികരിച്ച് സജിത പെൺമക്കളായ അതുല്യയും അഖിലയും. ചെന്താമരക്ക് വധശിക്ഷ നൽകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

കോടതി വിധിയിൽ ആശ്വാസമുണ്ട്. പ്രതിക്ക് നല്ല ശിക്ഷ നൽകണം. കോടതിയിൽ വിശ്വാസമുണ്ട്. പ്രതിയെ പുറത്തുവിടില്ലെന്ന് കരുതുന്നുവെന്നും ഇരുവരും വ്യക്തമാക്കി.

അതേസമയം, ബുധനാഴ്ച ശിക്ഷാ വിധിക്കായി കാത്തിരിക്കുകയാണെന്ന് സജിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

നെന്മാറ സജിത വധക്കേസിൽ പ്രതിയായ ചെന്താമര കുറ്റക്കാരെന്ന് കണ്ടെത്തിയ പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ആറ് വർഷങ്ങൾക്ക് ശേഷമാണ് സജിത വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്.

കേസിലെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കോടതിയെ സഹായിച്ചത്. സജിതയുടെ വീട്ടിൽ നിന്ന് രക്തം പുരണ്ട ചെന്താമരയുടെ 11 കാൽപ്പാടുകളും മൽപിടിത്തത്തിനിടെ കീറിയ ചെന്താമരയുടെ ഷർട്ടിന്‍റെ പോക്കറ്റും അന്വേഷണ സംഘം കണ്ടെത്തി. സജിതയുടെ വീടിന്‍റെ സമീപത്തും ചെന്താമരയുടെ വീടിന്‍റെ നേരെ മുൻഭാഗത്തുള്ള പുഷ്പയുടെ മൊഴിയും കേസിൽ നിർണായകമായി.

2019ല്‍ സുധാകരന്‍റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്‍റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ചെന്താമര ജനുവരി 27ന് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തി. അയല്‍വാസി കൂടിയായ സജിതയുടെ ഭർത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തി.

വിയ്യൂർ ജയിലിലെ വിചാരണത്തടവുകാരനായ ചെന്താമരക്ക് രണ്ടു വർഷവും ഒൻപത് മാസത്തെയും ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ചു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കേരളത്തിൽ നിന്ന് പുറത്ത് പോകരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. 17 മാസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇളവു തേടി ചെന്താമര കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി. പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ഇയാൾ ജോലി നോക്കി. തുടർന്ന് ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടിൽ ഇടക്കിടെ ചെന്താമരയെത്തി.

ഇതിനിടെ ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടിൽ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മെയ് 27ന് കുറ്റപത്രം വായിച്ചു കേൾപ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ട കൊലപാതകക്കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.

കൊലക്ക് ഉപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നുമാണ് ഭാര്യയുടെ മൊഴി. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 52 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികൾ പൂർത്തിയായി. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.

നേരത്തെ, ചെന്താമരയുടെ ജാമ്യഹരജി കോടതി തള്ളിയിരുന്നു. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ത്തിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Tags:    
News Summary - Daughters of murdered Sajitha demand death penalty for Chenthamara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.