കോഴിക്കോട്: കുടിയേറ്റ മേഖലയിലെ പോരാളിയും മുൻ കൃഷിമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ (90) അന്തരിച്ചു. കോവൂരിൽ മകന്റെ വീട്ടിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ 10 മുതൽ കോഴിക്കോട് ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം കട്ടിപ്പാറയിലെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകീട്ട് അഞ്ചിന് കട്ടിപ്പാറ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
മലയോര കുടിയേറ്റ മേഖലയിൽനിന്ന് ഉയർന്നുവന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു. 1933 ജൂൺ 11ന് ജനിച്ച സിറിയക് ജോൺ പാലാ കടപ്ലാമറ്റത്തുനിന്ന് കട്ടിപ്പാറയിൽ കുടിയേറിയ പാറതൂക്കിയിൽ കുടുംബാംഗമാണ്. ചെറുപ്രായത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പൊതുരംഗത്തെത്തി. കൽപറ്റ നിയമസഭ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് (ആർ) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും തിരുവമ്പാടിയിൽനിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി.
1982-83 കാലഘട്ടത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിലാണ് കൃഷിമന്ത്രിയായത്. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് ജയിച്ച അദ്ദേഹം കോൺഗ്രസ് (എസ്), എൻ.സി.പി എന്നിവയുടെ ഭാഗമായപ്പോൾ നാലുതവണ തിരുവമ്പാടിയിൽ പരാജയപ്പെട്ടു.
എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന സിറിയക് ജോൺ പിന്നീട് മാതൃസംഘടനയിൽ തിരിച്ചെത്തി. ദീർഘകാലം കെ.പി.സി.സി നിർവാഹക സമിതി അംഗമായിരുന്നു. പരേതയായ അന്നക്കുട്ടി സിറിയക്കാണ് ഭാര്യ. മക്കള്‍: ബാബു സിറിയക് (മംഗളൂരു), ബീന ജോയ്, മിനി ജോസ്, മനോജ് സിറിയക്, വിനോദ് സിറിയക് (ആര്‍ക്കിടെക്ട്). മരുമക്കള്‍: ജോയ് തോമസ് വട്ടക്കാനയിൽ പാല (എന്‍ജിനീയര്‍), ജോസ് മേല്‍വെട്ടം ഈങ്ങാപ്പുഴ, അനിത ചൗധരി (ആര്‍ക്കിടെക്ട്), പരേതയായ സിന്‍സി ബാബു അറക്കല്‍. സഹോദരങ്ങൾ: ഏലിക്കുട്ടി മാത്യു (വയല), മുതിർന്ന മാധ്യമപ്രവർത്തകൻ പി.ജെ. മാത്യു, മേരി വർക്കി ജോൺ (മലാപ്പറമ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.