തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന് നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ കരക്കെത്തിക്കുന്നതിനും പത്തുദിവസം കൂടി കടലിൽ തിരച്ചിൽ തുടരും. നാവിക, വ്യോമ, തീരസംരക്ഷണ സേനകളാണ് തിരച്ചിൽ നടത്തുന്നത്. ഉൾക്കടലിൽ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി കണ്ടെന്ന മത്സ്യത്തൊഴിലാളികളുടെ െവളിപ്പെടുത്തലിനെതുടർന്നാണ് തീരുമാനം. മത്സ്യത്തൊഴിലാളികളെ കൂടുതലായി ഉൾപ്പെടുത്തിയാകും തിരച്ചിൽ. കൂടുതൽ കപ്പലുകളുടെ േസവനവും ലഭ്യമാക്കും. അതിനിടെ ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഒരുമൃതദേഹം കണ്ടെത്തി.ഇയാളെ തിരിഞ്ഞറിഞ്ഞിട്ടില്ല.ഇതോടെ മരിച്ചവരുടെ എണ്ണം 38 ആയി.തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ ശനിയാഴ്ച തിരിച്ചറിഞ്ഞു. അടിമലത്തുറ ഷിബു ഹൗസില്‍ ദേവദാസിെൻറ മകന് സേസിലൻറിനെയാണ് (58) തിരിച്ചറിഞ്ഞത്.
അതേസമയം രക്ഷാപ്രവർത്തനങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടി തീരമേഖലകളിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾ മയപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളും നടക്കുന്നു. തിരച്ചിലിൽ തങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പൊഴിയൂരിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ നെയ്യാറ്റിൻകരയിൽ റോഡ് ഉപരോധിച്ചത് തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയിൽ ഭാഗികമായി ഗതാഗതസ്തംഭനം സൃഷ്ടിച്ചു. മണിക്കൂറുകൾക്കുശേഷം എ.ഡി.എം സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളെക്കൂടി തിരച്ചിലിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിച്ചത്. അവരെയും ഉൾപ്പെടുത്തിയുള്ള തിരച്ചിൽ ഞായറാഴ്ച പുലർച്ചെ ആരംഭിക്കും. വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചുള്ള തിരച്ചില്‍ പത്തുദിവസം കൂടി തുടരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും അടിയന്തര സന്ദേശമയച്ചു. മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുവേണം തിരച്ചിലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരച്ചിലിന് പോകാന്‍ സന്നദ്ധതയുള്ള മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം കലക്ടര്‍ വിഴിഞ്ഞത്തെത്തിക്കും.
ചികിത്സക്കും മൃതശരീരം കണ്ടെത്തിയാല്‍ അവ സൂക്ഷിക്കുന്നതിനും പ്രധാന തീരപ്രദേശ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് സൗകര്യമൊരുക്കും. വിഴിഞ്ഞം, പൊഴിയൂർ, പൂന്തുറ ഭാഗങ്ങളില്‍ മറൈന്‍ എന്‍ഫോഴ്സ്മെൻറ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന വിഭാഗങ്ങളുടെ ഉദ്യോഗസ്ഥരുമായി ചീഫ് സെക്രട്ടറി ഫോണില്‍ സംസാരിച്ചു.
തിരച്ചിൽ ഊർജിതമാക്കാൻ കപ്പലുകൾ എത്തുന്നു
സംസ്ഥാന സർക്കാരിെൻറ അഭ്യർഥന പ്രകാരം തെരച്ചിൽ ഊർജിതമാക്കുന്നതിന് കോസ്റ്റ് ഗാർഡിെൻറ ഒരു കപ്പൽ ഉച്ചക്ക് 2 മണിയോടെ തിരുവനന്തപുരം തീരത്ത് എത്തും. നേവിയുടെ കപ്പൽ വൈകുന്നേരം 5 മണിയോടെയും തിരുവനന്തപുരത്ത് എത്തും. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് കപ്പൽ തിരച്ചിൽ നടത്തുക.
അതേസമയം, ഓഖി ചുഴലിക്കാറ്റിൽ മരിച്ച കൂടുതൽപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കപ്പലിൽ കൊണ്ടുവരുന്ന മൃതദേഹങ്ങൾ കൊല്ലത്തെ നീണ്ടകര, അഴീക്കൽ തുറമഖങ്ങളിൽ എത്തിക്കുമെന്ന് വിവരം ലഭിച്ചു. എത്ര മൃതദേഹങ്ങൾ ഉണ്ടെന്നോ എപ്പോൾ തീരത്ത് എത്തുമെന്നോ അറിയിച്ചിട്ടില്ലെന്നും പൊലീസ്, ആംബുലൻസുകൾ എന്നിവ പരമാവധി സജീകരിച്ചിട്ടുണ്ടെന്നും കൊല്ലം എസ്.പി അജിതാ ബീഗം മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.