കുമ്പളയിലെ യുവതിയെ കൊന്ന കേസിൽ സയനൈഡ് മോഹൻ കുറ്റക്കാരനാണെന്ന് കോടതി

മംഗളൂരു: കുമ്പളയിലെ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹ ൻ കുറ്റക്കാരനാണെന്ന് മംഗളൂരു അഡീഷനൽ ജില്ല സെഷൻസ് കോടതി (ആറ്​) കണ്ടെത്തി. ശിക്ഷ 26ന് പ്രഖ്യാപിക്കും. സമാനമായ മറ് റു 17 കേസുകളിൽ മോഹനെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. മോഹനെതിരെ ഇത്തരത്തിലുള്ള രണ്ടു കേസുകളാണ് ഇനി വിധിപറയാൻ ബാക്കിയുള്ളത്.

ബീഡിതെറുപ്പു തൊഴിലാളിയായ 28കാരിയെ കുമ്പള ബസ് സ്​റ്റാൻഡിൽ വെച്ചാണ് മോഹൻ പരിചയപ്പെടുന്നത്. 2009 മേയ് 21നാണ് യുവതിയോട് മോഹൻ കുമ്പള സ്​റ്റാൻഡിൽ എത്താൻ ആവശ്യപ്പെട്ടത്. വീട്ടുകാരോട് പെർളയിലെ ബന്ധുവീട്ടിൽ പോകുന്നുവെന്നുപറഞ്ഞ് ഇറങ്ങിയ യുവതിയെ നാല് ദിവസമായിട്ടും കാണാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ മൃതദേഹം കർണാടക കുശാൽ നഗർ ബസ് സ്​റ്റാൻഡിലെ ശുചിമുറിയിൽ കണ്ടത്.

പൊലീസ് അന്വേഷിക്കുന്നതിനിടെ 2009 സെപ്​റ്റംബറിൽ മോഹൻ പിടിയിലായതോടെയാണ് കേസിന് തുമ്പായത്. കുശാൽ നഗറിലെ ലോഡ്ജിൽ എത്തിച്ച യുവതിയെ പീഡിപ്പിച്ച ശേഷം പിറ്റേദിവസം രാവിലെ ക്ഷേത്രദർശനം നടത്താൻ പോകാമെന്നുപറഞ്ഞ് സ്​റ്റാൻഡിലെത്തിച്ച ശേഷം ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റകൃത്യം നടക്കുമ്പോൾ കർണാടകയിലെ കായികാധ്യാപകനായിരുന്നു മോഹൻ.


Tags:    
News Summary - cyanide mohan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.