തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ മൂലം പ്രതിസന്ധിയിലായ തോട്ടംതൊഴിലാളികള്‍ക്ക് കലക്ടര്‍മാര്‍ വഴി വേതനവിതരണത്തിന് സംവിധാനമുണ്ടാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തോട്ടമുടമകള്‍ വേതനത്തുക കലക്ടര്‍മാര്‍ക്ക് കൈമാറും. അവര്‍വഴി അത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. കലക്ടര്‍മാര്‍ക്ക് ഇത്തരമൊരു അവകാശം റിസര്‍വ് ബാങ്ക് അനുവദിച്ച സാഹചര്യത്തിലാണ് കേരളത്തിലും ഈ ക്രമീകരണം വരുത്തുന്നതെന്ന് മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നോട്ട് അസാധുവാക്കലിന്‍െറ സാഹചര്യത്തില്‍ മുഖ്യമന്ത്രി സംസ്ഥാനതല ബാങ്കേഴ്സ് സമിതി വിളിച്ചുചേര്‍ത്തിരുന്നു. കൂലി കിട്ടാതെ തോട്ടം, കശുവണ്ടി തൊഴിലാളികളുടെ ജീവിതം വിഷമത്തിലായത് സര്‍ക്കാര്‍ ഉന്നയിച്ചു. എല്ലാവരും ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ നിര്‍ശേിക്കുന്ന ‘ജന്‍ധന്‍ യോജന’ പ്രകാരമുള്ള അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കി കൂലി വിതരണംചെയ്യാമെന്നായിരുന്നു ബാങ്കുകളുടെ നിലപാട്. ഇത് ഫലപ്രദമാവില്ളെന്നും ബദല്‍ക്രമീകരണമൊരുക്കണമെന്നുമുള്ള സര്‍ക്കാര്‍ആവശ്യം ബാങ്ക്പ്രതിനിധികള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് കലക്ടര്‍മാര്‍ വഴിയുള്ള വിതരണത്തിന് മന്ത്രിസഭ തീരുമാനിച്ചത്.
നോട്ട് പിന്‍വലിച്ചശേഷം ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് അവരുടെ നാട്ടിലെ കുടുംബാംഗങ്ങളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനാവാത്ത സ്ഥിതിയുണ്ട്. പണമടയ്ക്കാന്‍ ചെല്ലുമ്പോള്‍ തെളിവും തിരിച്ചറിയല്‍കാര്‍ഡുമൊക്കെ ആവശ്യപ്പെടുന്നത് പരിഹരിക്കണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. നിലവില്‍ നിക്ഷേപിക്കുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ തടസ്സങ്ങളുണ്ടാവില്ല. ശബരിമല തീര്‍ഥാടകര്‍ വന്നുപോകുന്ന റൂട്ടുകളിലെ എ.ടി.എമ്മുകളില്‍ എപ്പോഴും പണമുണ്ടാവാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തും.
പമ്പയിലും സന്നിധാനത്തും കൂടുതല്‍ എ.ടി.എം കൗണ്ടറുകളും എക്സ്ചേഞ്ച് കൗണ്ടറുകളും ഏര്‍പ്പെടുത്തുക, ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ട്രഷറികളില്‍ കറന്‍സി എക്സ്ചേഞ്ച് കൗണ്ടറുകള്‍ തുറക്കുക, ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങുക തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു.
നിശ്ചിതതുക മാത്രമേ ബാങ്കില്‍ നിന്ന് പിന്‍വലിക്കാവൂ എന്ന നിബന്ധന മാസശമ്പളക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തുക പൂര്‍ണമായി പിന്‍വലിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ബാങ്കുകള്‍ പൂര്‍ണസമ്മതം അറിയിച്ചിട്ടില്ല. പുതിയ പ്രതിസന്ധി തരണംചെയ്യാന്‍ സഹകരണമേഖലക്കും ട്രഷറി സേവിങ്സ് ബാങ്കുകള്‍ക്കും നല്ല പങ്കുവഹിക്കാനാകും. ഇവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റിസര്‍വ് ബാങ്കിന്‍െറയും കേന്ദ്ര ധനമന്ത്രാലയത്തിന്‍െറയും ശ്രദ്ധയില്‍ വിഷയങ്ങള്‍ കൊണ്ടുവരാനും ബാങ്കുകളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.