എടപ്പാള്‍ (മലപ്പുറം): ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന നാടോടി സംഘത്തിലെ ബാലികക്കും യുവത ിക്കും ക്രൂരമർദനമേറ്റ സംഭവത്തിൽ സി.പി.എം നേതാവ് അറസ്റ്റിൽ. എടപ്പാള്‍ ചന്തപ്പറമ്പില്‍ രാഘവന െയാണ് ചങ്ങരംകുളം സി.ഐ വിജയകുമാർ അറസ്റ്റ് ചെയ്തത്. രാഘവന് വട്ടംകുളം പഞ്ചായത്ത് മ ുൻ പ്രസിഡൻറും സി.പി.എം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി മലപ്പുറം ജില്ല ട്രഷററുമാണ്. നെറ്റിയില്‍ മുറിവേറ്റ 11 വയസ്സുള്ള നാടോടി ബാലികയെ വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 10ന് എടപ്പാള്‍ ജങ്ഷനിൽ പാലക്കാട് റോഡിലുള്ള രാഘവെൻറ കെട്ടിടത്തിന് സമീപമാണ് സംഭവം. മൂന്ന് സ്ത്രീകളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന നാടോടി സംഘം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ സ്ഥലത്തെത്തിയ രാഘവന് ഇവരോട് കയര്‍ക്കുകയും സംഘത്തിലുള്ള ലക്ഷ്മിയെ (28) മർദിക്കുകയുമായിരുന്നെന്നാണ് നാടോടി സംഘം പറയുന്നത്. ആക്രി സാധനങ്ങളടങ്ങിയ ചാക്ക് രാഘവൻ ആഞ്ഞ് വീശുന്നതിനിടെ ബാലികയുടെ നെറ്റിയില്‍ ചാക്കിനകത്തുണ്ടായിരുന്ന ഇരുമ്പ് കഷ്ണം തുളച്ച് കയറുകയായിരുന്നു.
ഇതോടെ രാഘവന് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സംഘത്തിലെ സ്ത്രീകള്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാടോടി സംഘത്തെ ജങ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാരാണ് എടപ്പാള്‍ സി.എച്ച്.സിയില്‍ എത്തിച്ചത്. പ്രഥമ ശുശ്രൂഷക്കുശേഷം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കുട്ടിയെ കൊണ്ടുപോയി. സംഘത്തിലെ 12 വയസ്സുകാരിയെ മലപ്പുറം ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് മുന്നില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഹാജരാക്കി. വര്‍ഷങ്ങളായി ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന ഈ സംഘം മൂതൂരില്‍ സ്വകാര്യ ക്വാര്‍ട്ടേഴ്സിലാണ് താമസം.
അതേസമയം, നാടോടി സംഘംതന്നെ മര്‍ദിച്ചെന്നും ചികിത്സ വേണമെന്നും രാഘവന് പൊലീസിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു. കാര്യമായ പരിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന് സ്വമേധയാ കേസെടുത്തതായി ചെയര്മാന് പി. സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.