മത്സ്യഫെഡിൽ കോടികളുടെ ക്രമക്കേട്

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരുടെ കീഴിൽ മത്സ്യഫെഡിൽ നടക്കുന്നത് കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തൽ. മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട പണത്തിന്‍റെ ദുരുപയോഗവും ധൂർത്തും നടക്കുന്ന മത്സ്യഫെഡില്‍ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ സംവിധാനം തകരുമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട്. കോടികളുടെ വിറ്റുവരവുള്ള മത്സ്യഫെഡില്‍ പണം കൈകാര്യം ചെയ്യുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. നിയമനം പി.എസ്.സിക്ക് വിട്ടെങ്കിലും ഇപ്പോഴും 350 താല്‍ക്കാലികക്കാരാണുള്ളത്. 67 ജൂനിയർ അസിസ്റ്റന്‍റ് തസ്തികയുണ്ടെങ്കിലും 2015ൽ പി.എസ്.സി മുഖേന 18 പേരെ മാത്രമാണ് നിയമിച്ചത്. ഇതിൽ അഞ്ചുപേർ ജോലി വിട്ടുപോയി.

13 പേർക്ക് സീനിയർ അസിസ്റ്റന്‍റുമാരായി ഉദ്യോഗക്കയറ്റം നൽകി. തസ്തിക അനുവാദം ലഭിച്ച ജൂനിയർ അസിസ്റ്റന്‍റ് തസ്തികയിൽ മാത്രം പി.എസ്.സി മുഖേന ആരെയും നിയമിച്ചിട്ടില്ല.

ഇത് സ്ഥാപനത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വിഘാതമാണെന്നും റിപ്പോർട്ടിലുണ്ട്. 2001ൽ അംഗീകരിച്ച സ്റ്റാഫ് പാറ്റേണാണ് മത്സ്യഫെഡിലുള്ളത്. എന്നാൽ, 2001ന് ശേഷം പുതിയ യൂനിറ്റുകൾ ആരംഭിക്കുകയും പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

അതിനാൽ ഭരണവിഭാഗത്തിൽനിന്ന് പുതിയ തസ്തികകൾക്കും സ്റ്റാഫ് പാറ്റേണിനും അംഗീകാരം വാങ്ങി പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണം. മുൻവർഷങ്ങളിലെ ബാലൻസ്ഷീറ്റിൽ ഡെഫിസിറ്റ് സ്റ്റോക്ക് എന്ന ഹെഡിൽ ബാക്കിനിൽക്കുന്ന തുക ഉത്തരവാദികളിൽനിന്ന് ഈടാക്കാൻ നടപടികൾ സ്വീകരിക്കണം. താൽക്കാലികക്കാരെ പണമിടപാട് ഏൽപിക്കരുത്.

വിവിധ യൂനിറ്റുകളിൽ പണമിടപാട് ചെയ്യുന്ന മുഴുവൻ ജീവനക്കാരിൽനിന്നും മതിയായ സ്റ്റാഫ് സെക്യൂരിറ്റി നിക്ഷേപം ഭരണസമിതി സ്വീകരിക്കണം. ഇടപാടുകളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിക്കാനുള്ള നിർദേശം മുൻ വർഷങ്ങളിലെ ഓഡിറ്റിലുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Crores of irregularities in Matsyafed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.