മലപ്പുറം: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം വർഷവും സൈബർ കുറ്റകൃത്യങ്ങളുടെ കുത്തൊഴുക്ക്. 2024 ജനുവരി മുതൽ നവംബർ വരെ 3346ഉം 2023ൽ 3295ഉം സൈബർ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. സൈബർ കുറ്റകൃത്യങ്ങളുടെ നിരീക്ഷണത്തിന് സൈബർഡോം സ്ഥാപിക്കുകയും സൈബർ പൊലീസിങ് വിപുലീകരിക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ല. പ്രതിദിനം ശരാശരി 15 മുതൽ 20 വരെ സൈബർ കേസുകള്‍ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2016ല്‍ 283 സൈബര്‍ കുറ്റകൃത്യങ്ങൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ അത് 320 ആയി ഉയര്‍ന്നു. 2018ല്‍ 340 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019ല്‍ കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. 2020ല്‍ 426 കേസുകളും 2021ല്‍ 626 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ കേസുകളുടെ എണ്ണം 815 ആയി ഉയർന്നു.
സൈബർ തട്ടിപ്പിന് ഒട്ടനവധി തന്ത്രങ്ങളാണ് കുറ്റവാളികൾ പുറത്തെടുക്കുന്നത്. വിവിധ അന്വേഷണ ഏജൻസികളുടെ പേരിൽ വിഡിയോ കാളിലൂടെ ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കുകയും കേസിൽനിന്ന് ഒഴിവാക്കാനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു. പാർസലുകളിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും കേസിൽനിന്ന് ഒഴിവാകാൻ പണം വേണമെന്നും പറയുന്നു. ബാങ്ക് അക്കൗണ്ട്, പാൻ, ആധാർ എന്നിവയുടെ കെ.വൈ.സിയുടെ കാലാവധി കഴിഞ്ഞെന്ന പേരിൽ ലിങ്ക് അയച്ച് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും കൈക്കലാക്കി പണംതട്ടുന്നു. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരിൽ വൻതുക നിക്ഷേപമായി വാങ്ങുന്നു. ഓൺലൈൻ വായ്പയുടെ പേരിൽ പ്രോസസിങ് ചാർജ് ഇനത്തിൽ വൻ തുക വാങ്ങി പണം തട്ടുന്നു. വിഡിയോ കാൾ ചെയ്ത് നഗ്ന വിഡിയോ നിർമിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നു. തട്ടിപ്പിനായി വിദ്യാർഥികളുടെയും മറ്റും ബാങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്തും തട്ടിപ്പ് നടത്തുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പെട്ടെന്ന് സാമ്പത്തികനേട്ടം കൈവരിക്കാം എന്ന വ്യാജേന നിരവധി വ്യാജ സന്ദേശങ്ങളാണ് തട്ടിപ്പുകാർ പടച്ചുവിടുന്നത്.
ലോണ്‍ ആപ്, ഓൺലൈൻ ജോബ് കേസുകളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികള്‍ പലതും ഇതര സംസ്ഥാനത്തും വിദേശത്തിരുന്നുമാണ് നിയന്ത്രിക്കുന്നത്.
1930 എന്ന നമ്പറിൽ പരാതി അറിയിക്കാം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (ഗോൾഡൻ അവർ) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.