കത്ത് വിവാദം: മേയറുടെ പരാതി സി.പി.എമ്മും ക്രൈംബ്രാഞ്ചും അന്വേഷിക്കും

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടുള്ള തിരുവനന്തപുരം കോർപറേഷൻ മേയറുടെ കത്തിന്‍റെ നിജസ്ഥിതി അറിയാൻ ക്രൈംബ്രാഞ്ചും സി.പി.എമ്മും അന്വേഷണത്തിന്. തന്‍റെ പേരിൽ പ്രചരിക്കുന്ന കത്തിന്‍റെ വസ്തുത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

ഡി.ജി.പി അനിൽ കാന്തിന് മുഖ്യമന്ത്രി പരാതി കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് എസ്.പി എസ്. മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. വിവാദത്തിൽ സി.പി.എമ്മും അന്വേഷണം നടത്തും. തിങ്കളാഴ്ച ചേർന്ന ജില്ല കമ്മിറ്റിയിലാണ് അന്വേഷണത്തിന് തീരുമാനമായത്.

എന്നാൽ, ആര് അന്വേഷിക്കും, എന്തൊക്കെ അന്വേഷിക്കുമെന്ന കാര്യങ്ങളൊന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സി.പി.എമ്മിലെ വിഭാഗീയതയാണ് മേയറുടെയും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഡി.ആർ. അനിലിന്‍റെയും കത്ത് പുറത്തുവന്നതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.

കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്നായിരുന്നു ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ പ്രതികരണം. സംഭവം പാർട്ടി അന്വേഷിക്കും. കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ വ്യക്തമാകട്ടെ. ഇതിൽ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കും. ആര് തെറ്റ് ചെയ്താലും നടപടിയെടുക്കും.

എസ്.എ.ടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കുടുംബശ്രീയാണ് പട്ടിക കൊടുക്കേണ്ടത്. ഇത് കിട്ടാതായപ്പോൾ വേഗം ലഭിക്കാനാണ് ജില്ല സെക്രട്ടറിക്ക് കത്ത് എഴുതിയതെന്നാണ് കോർപറേഷൻ പാർലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ. അനിൽ പറയുന്നത്. ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Crime branch investigation on Mayor's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.