ക്രെഡിറ്റ് പരിധിയേക്കാൾ കൂടുതൽ തുക തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു, ബാങ്ക് നഷ്ടപരിഹാരം നൽകണം

കൊച്ചി: ക്രെഡിറ്റ് ലിമിറ്റിനേക്കാൾ കൂടിയ തുക ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ നഷ്ടമായ ഉപഭോക്താവിന് ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മൂവാറ്റുപുഴ പുതുപ്പാടി സ്വദേശി ടി.എം. അലിയാർ എസ്.ബി.ഐ കാർഡ്സ് ആൻഡ് പെയ്മെൻറ് സർവിസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2020 ഒക്ടോബർ മാസത്തിൽ എസ്.ബി.ഐയുടേതിന് സമാനമായ ഫോൺ നമ്പറുകളിൽ നിന്ന് കോളുകൾ വരുകയും ഒ.ടി.പിയും കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ഉപഭോക്താവ് ഷെയർ ചെയ്യുകയും ചെയ്തു. ഇതുമൂലം ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും 39,507/- രൂപ നഷ്ടപ്പെട്ടു. ഒരു ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ലിമിറ്റ് ഉണ്ടായിരുന്ന എസ്ബിഐ ക്രെഡിറ്റ് കാർഡിൽ ബാലൻസ് ക്രെഡിറ്റ്‌ 39000 രൂപയായിരുന്നു. എന്നാൽ തട്ടിപ്പിലൂടെ ഉപഭോക്താവിന് 39,507/- രൂപ നഷ്ടപ്പെട്ടു.

ക്രെഡിറ്റ് ലിമിറ്റിനേക്കാൾ കൂടുതലായ തുക തട്ടിപ്പിലൂടെ നഷ്ടമായ സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. കാർഡ് നമ്പറും ഒടിപിയും മൂന്നാം കക്ഷിക്ക് ഷെയർ ചെയ്തത് ഉപഭോക്താവിന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി, എന്നാൽ ക്രെഡിറ്റ് ലിമിറ്റിലും കൂടുതൽ തുക തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ബാങ്കിൻറെ ഉത്തരവാദിത്തമില്ലായ്മ മൂലമാണെന്ന് വിലയിരുത്തി.

കാർഡ് ഉടമ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർക്ക് നൽകിയത് മൂലമാണ് പണം നഷ്ടപ്പെട്ടത് എന്നും, RBI സർക്കുലർ പ്രകാരം ബാങ്കിന് ഇതിൽ ഉത്തരവാദിത്വം ഇല്ലെന്നും എതിർകക്ഷി ബോധിപ്പിച്ചു.

സുരക്ഷിതമായ ഇലക്ട്രോണിക് ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിൽ എതിർകക്ഷി പരാജയപ്പെടുകയും ഇതുമൂലം ക്രെഡിറ്റ് പരിധിയിൽ കവിഞ്ഞ തുക അക്കൗണ്ടിൽ നിന്ന് തട്ടിപ്പിലൂടെ ഉപഭോക്താവിന് നഷ്ടപ്പെടുകയും ചെയ്തു. ഇത് ബാങ്കിൻറെ സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.

കാർഡ് ഉടമക്ക് നഷ്ടപ്പെട്ട 39507/- രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 35,000/- രൂപയും ഉൾപ്പെടെ 74,507/- രൂപ 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എസ്.ബി.ഐ കാർഡ്സ് ആൻഡ് പെയ്മെൻറ് സർവീസസിന് കോടതി ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.

Tags:    
News Summary - credit card scam compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.