കണ്ണൂര്‍ എസ്.പിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സി.പി.എം

കണ്ണൂര്‍: കണ്ണൂരില്‍ സമാധാനമുണ്ടാക്കുന്നതിന് പാര്‍ട്ടി നേതാക്കള്‍ക്ക് ജില്ലാ പൊലീസ് ചീഫ് നല്‍കിയ പെരുമാറ്റച്ചട്ടം ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നു. ജില്ലാതല സമാധാന കമ്മിറ്റി യോഗത്തില്‍ പാക്കേജ് തയാറാക്കിയ ശേഷം നേതാക്കള്‍ക്ക് എസ്.പി വീണ്ടും  നോട്ടീസ് പ്രത്യേകം നല്‍കിയതിന്‍െറ ഒൗചിത്യത്തെക്കുറിച്ച് ഡി.ജി.പി തലത്തില്‍ പരിശോധിക്കുന്നതിനാണിത്. സി.പി.എം ജില്ലാ നേതൃത്വത്തിന്‍െറ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നാണ് ഈ നടപടിയെന്നറിയുന്നു. എസ്്.പിയുടെ നോട്ടീസിനെ ബി.ജെ.പി-ആര്‍.എസ്.എസ്കേന്ദ്രങ്ങള്‍ സ്വാഗതം ചെയ്തതോടെ, ജില്ലാ പൊലീസ് ചീഫ് ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് സി.പി.എം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് പെരുമാറ്റച്ചട്ടം പരിശോധിക്കുന്നത്.

എസ്.പിയുടെ നിര്‍ദേശങ്ങള്‍ക്ക്  സി.പി.എം ഒഴികെയുള്ള മിക്ക സംഘടനകളുടെയും പിന്തുണ കിട്ടിയതായി ജില്ലാ പൊലീസ്, ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘ്പരിവാര്‍ മാത്രമല്ല, സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെല്ലാം നോട്ടീസിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനമാഗ്രഹിക്കുന്ന ജനങ്ങളും പൊതുവേ കര്‍ശനമായ പൊലീസ് നിലപാട് വേണമെന്ന അഭിപ്രായത്തിലാണ്.

സമാധാന കമ്മിറ്റി യോഗത്തില്‍ സമാനമായ കുറെ നിര്‍ദേശങ്ങള്‍ വായിക്കുകയും ഇത് പാലിക്കാന്‍ പിന്തുണ തേടുകയും ചെയ്തപ്പോള്‍ ആരും എതിര്‍ത്തിരുന്നില്ല. ഇതേ കാര്യങ്ങള്‍ തന്നെയാണ് എസ്.പിയുടെ നോട്ടീസിലും ആവര്‍ത്തിക്കുന്നത്. സമാധാന യോഗത്തില്‍ സി.പി.എമ്മിന്‍െറ പ്രധാന നേതാക്കള്‍ വന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പരസ്യമായി പൊലീസ് പെരുമാറ്റച്ചട്ടത്തെ ചോദ്യം ചെയ്യുന്നത് വിചിത്രമാണെന്നും ജില്ലാ പൊലീസ് കേന്ദ്രങ്ങള്‍ ഡി.ജി.പിക്ക് വിശദീകരണം നല്‍കി.

പൊലീസിന്‍െറ മുഖംനോക്കാതെയുള്ള നടപടി തങ്ങള്‍ സ്വാഗതം ചെയ്യുമെന്ന്  എസ്.പിയുടെ നോട്ടീസിനെക്കുറിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് സത്യപ്രകാശ് പ്രതികരിച്ചു. പെരുമാറ്റച്ചട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ഉണ്ടായാലേ ഇത്തരം സമാധന നിര്‍ദേശങ്ങള്‍ നടപ്പിലാവുകയുള്ളു-അദ്ദേഹം പറഞ്ഞു.
ജില്ലാ പൊലീസ് ചീഫിന്‍െറ നിര്‍ദേശം തങ്ങള്‍ അംഗീകരിക്കുന്നു-ആര്‍.എസ്.എസ് സംസ്ഥാന കാര്യകാരി അംഗം വല്‍സന്‍ തില്ലങ്കേരി ‘മാധ്യമ’ത്തോട് പറഞ്ഞു.

News Summary - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.