രാഹുലിന്‍റെ ഓഫിസ് ആക്രമണം: സി.പി.എം വയനാട് ജില്ല നേതൃത്വം പ്രതിക്കൂട്ടിൽ

കൽപറ്റ: എസ്.എഫ്​.ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി സി.പി.എം സംസ്ഥാന നേതൃത്വം. ​ദേശീയ തലത്തിൽ തന്നെ പാർട്ടിയെ ​പ്രതിരോധത്തിലാക്കിയ സംഭവത്തിൽ നടപടി ശക്തമാക്കണമെന്ന അഭിപ്രായമാണ് പാർട്ടി ​ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കുള്ളത്. എം.പിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തുന്ന കാര്യം തങ്ങൾ അറിഞ്ഞിട്ടി​ല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പരസ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം അറിയാതെ സംഘടിപ്പിച്ച ഇത്തരമൊരു മാർച്ചിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ എസ്.എഫ്.ഐ ജില്ല കമ്മിറ്റിക്കു പുറമെ സി.പി.എം വയനാട് ജില്ല കമ്മിറ്റിയും പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. പാർട്ടി ജില്ല നേതൃത്വത്തിന്‍റെ അറിവോടും സമ്മതത്തോടും കൂടിയാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് ഏറക്കുറെ വ്യക്തമായിട്ടുണ്ട്. ജില്ലയിലെ ഉന്നത ഡി.വൈ.എഫ്.ഐ ഭാരവാഹികൾ മാർച്ചിന് അകമ്പടി സേവിച്ചിരുന്നു. എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുന്ന സമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നതും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഓഫിസ് അടിച്ചു തകർത്തതിനു പിന്നാലെ അ​ക്രമത്തെ തള്ളിപ്പറഞ്ഞ് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, സമീപകാലത്ത് പാർട്ടിക്കേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായ സംഭവത്തിൽ ജില്ല നേതൃത്വത്തി​ന്‍റെ ഭാഗത്ത് ഒട്ടും സൂക്ഷ്മതയുണ്ടായില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സി.പി.എം ജില്ല നേതൃത്വത്തി​ന്‍റെ അനുമതിയില്ലാതെ എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റും സെക്രട്ടറിയും നൂറോളം പ്രവർത്തകരെ കൂട്ടി ഇത്തരമൊരു മാർച്ച് നയിക്കാനിടയില്ലെന്നാണ് സംസ്ഥാന നേതാക്കളിൽ മിക്കവരുടെയും വിലയിരുത്തൽ. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയാവും. ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയ സംഭവത്തിൽ ജില്ല നേതൃത്വത്തിനെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

സി.പി.എമ്മിൽ പിണറായി പക്ഷത്തിന്‍റെ വിശ്വസ്തനാണ് നിലവിലെ ജില്ല സെക്രട്ടറി പി. ഗഗാറിൻ. കടുത്ത വി.എസ് പക്ഷക്കാരനായിരുന്ന സി.കെ. ശശീന്ദ്രന്‍റെ നിയന്ത്രണത്തിൽ നിന്ന് ജില്ലയിൽ പാർട്ടിയുടെ നേതൃത്വം പിണറായി വിഭാഗം ഇക്കഴിഞ്ഞതിനു തൊട്ടുമുമ്പത്തെ ജില്ല സമ്മേളനത്തിൽ ആസൂത്രിതമായി പിടിച്ചടക്കുകയായിരുന്നു. സി.കെ. ശശീന്ദ്രന്‍റെ ചിറകരിയാനുള്ള നീക്കങ്ങൾ കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ തന്ത്രപരമായി അരങ്ങേറിയപ്പോൾ ഔദ്യോഗിക പക്ഷത്തിന്‍റെ നോമിനിയായി അപ്രതീക്ഷിതമായാണ് ഗഗാറിൻ ജില്ല സെക്രട്ടറി പദത്തിലെത്തിയത്.

ജില്ലയിൽ പിണറായി പക്ഷം ​പിടിമുറുക്കിക്കഴിഞ്ഞതോടെ കഴിഞ്ഞ സമ്മേളനത്തിൽ ഗഗാറിൻ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് പാർട്ടിയിൽ ഇപ്പോഴും ഗ്രൂപ്പിസം കൊടികുത്തി വാഴുന്ന ജില്ലകളിലൊന്നാണ് വയനാട്. ജില്ലയിൽ പാർട്ടി നേതൃത്വം പിടിച്ചടക്കിയതിനു പിന്നാലെ ഡി.വൈ.എഫ്.ഐയെയും എസ്.എഫ്.ഐയെയും ഔദ്യോഗിക പക്ഷം വരുതിയിലാക്കുകയായിരുന്നു.

Tags:    
News Summary - cpm wayanad district committee troubled in Rahul Gandhi Office Attack Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.