തൃശൂർ: വനിത നേതാവിന്റെ പരാതിയെ തുടർന്ന് ജില്ല സെക്രട്ടറിയെ നീക്കേണ്ടിവന്ന തൃശൂരിലെ ഡി.വൈ.എഫ്.ഐയിൽ സമ്പൂർണ അഴിച്ചുപണിയിലേക്ക് സി.പി.എം. അടുത്ത ദിവസം ചേരുന്ന ജില്ല കമ്മിറ്റിയിൽ ഡി.വൈ.എഫ്.ഐ സംഘടന പ്രശ്നം അജണ്ടയാണ്. ആരോപണവും പരാതിയും ഉയർന്നതിനെ തുടർന്ന് ജില്ല സെക്രട്ടറി അടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും എൻ.വി. വൈശാഖനെ ഒഴിവാക്കിയെങ്കിലും പരാതിയും പ്രശ്നവും അവിടെ അവസാനിക്കുന്നില്ലെന്ന കണ്ടെത്തലാണ് അഴിച്ചുപണിയിൽ എത്തിക്കുന്നത്. സെക്രട്ടറിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശരത് പ്രസാദിന് താൽക്കാലിക ചുമതല കൈമാറി. സ്പെഷൽ കൺവെഷൻ വിളിച്ചുചേർത്ത് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ പാർട്ടി ജില്ല കമ്മിറ്റി അംഗവും യുവജന ക്ഷേമ ബോർഡ് കോഓഡിനേറ്ററുമാണ്. ഡി.വൈ.എഫ്.ഐ ജാഥ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വൈശാഖനെ നീക്കിയതിനെ തുടർന്ന് ശരത്പ്രസാദ് ക്യാപ്റ്റനായത് സി.പി.എമ്മിന്റെ നിർദേശപ്രകാരമായിരുന്നു.
വൈശാഖനെതിരായ നടപടി ശിപാർശ അംഗീകാരത്തിനായി പാർട്ടി ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. പാർട്ടിയിൽ വിഭാഗീയത വീണ്ടും തലപൊക്കുന്നതായും വൈശാഖനെതിരായ പരാതിക്ക് പിന്നിലും വിഭാഗീയതയുണ്ടെന്നുമാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് ശക്തമായ പരിശോധനക്കും അച്ചടക്ക നടപടികൾക്കുമുള്ള തീരുമാനം. സി.പി.എം കൊടകര ഏരിയ കമ്മിറ്റി അംഗമാണ് വൈശാഖൻ. ബ്രാഞ്ച് ഘടകത്തിൽ നിലനിർത്തിയേക്കുമെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ ജില്ല ജാഥകൾ വെള്ളിയാഴ്ച തൃശൂരിൽ സമാപിക്കുകയാണ്.
സംസ്ഥാന സെക്രട്ടറി വി.കെ. സനോജാണ് സമാപനത്തിൽ പങ്കെടുക്കുന്നത്. അടുത്തദിവസം ജില്ല കമ്മിറ്റി ചേർന്ന് പുതിയ ജില്ല സെക്രട്ടറിയെ നിയോഗിക്കുന്നത് അടക്കം തീരുമാനമെടുത്തേക്കും. പ്രസിഡന്റ് സ്ഥാനത്ത് ശ്രീലാൽ തുടരാനാണ് സാധ്യത. എന്നാൽ, ജില്ല കമ്മിറ്റിയിൽ കാര്യമായ മാറ്റങ്ങൾ വേണമെന്ന നിലയിലാണ് സി.പി.എം നേതൃത്വം ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.