തിരുവനന്തപുരം: പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയെ പിന്തുണച്ച് സി.പി.എം. വിദ്യാഭ്യാസ മന്ത്രി കൃത്യമായ നിലപാടാണ് സ്വീകരിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. എന്ത് വസ്ത്രം ധരിക്കണം എന്നതെല്ലാം ഭരണഘടനാപരമായ അവകാശമാണ്. അതിലൊന്നും ആരും ഇടപെടണ്ട. വർഗീയ ധ്രുവീകരണ ഉപകരണമാക്കി പ്രശ്നത്തെ മാറ്റരുത്. ഒരു കുട്ടിക്കാണ് പ്രശ്നമെങ്കിലും അതും പ്രശ്നമാണ്.
ശിരോവസ്ത്ര പ്രശ്നം പരിഹരിച്ചെങ്കിലും അതിനെ വർഗീയവത്കരിക്കാൻ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും കോൺഗ്രസും ശ്രമിച്ചു- ഗോവിന്ദൻ പറഞ്ഞു.
ശിരോവസ്ത്ര വിവാദത്തിൽ വിദ്യഭ്യാസ വകുപ്പിനും മന്ത്രിക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. ക്രൈസ്തവ സംഘടനകൾ മന്ത്രിയുടെ നിലപാടിനെ എതിർക്കുന്നുണ്ട്.
വടകര: ന്യൂനപക്ഷ പദവി ഉയർത്തിക്കാട്ടി സർക്കാറിനെ വിരട്ടാമെന്ന മോഹം നടക്കില്ലെന്നും സംസ്ഥാനത്ത് സർക്കാർ നിശ്ചയിച്ച സിലബസിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസം നടന്നാൽ മതിയെന്നും മന്ത്രി വി. ശിവൻകുട്ടി. അതിനപ്പുറം മറ്റ് ഏതെങ്കിലും കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമം ഏതു കോണിൽനിന്നുണ്ടായാലും അതു സർക്കാർ അനുവദിച്ചു കൊടുക്കുന്ന പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു. മണിയൂർ ഹയർസെക്കൻഡറി സ്കൂളിലെ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വെല്ലുവിളികളെ ഭയന്ന് പിന്നോട്ട് പോകുന്ന സർക്കാർ അല്ല കേരളത്തിലുള്ളത്. ചില മാനേജ്മെൻറുകൾക്ക് ചില ധാരണയുണ്ട്. അവർ വിശ്വസിക്കുന്ന വിശ്വാസപ്രമാണം അല്ലെങ്കിൽ ന്യൂനപക്ഷ പദവി തുടങ്ങിയ കാര്യങ്ങളെല്ലാം ഉയർത്തിക്കാട്ടി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനെ വിരട്ടാമെന്നുള്ള മോഹം. അങ്ങനെ സർക്കാറിനെ വിരട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.