പ്രതീകാത്മക ചിത്രം 

ഇസ്‌ലാമോഫോബിയ സി.പി.എം തെരഞ്ഞെടുപ്പിൽ ആയുധമാക്കരുത് -സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ

കോഴിക്കോട്: ഇസ്‌ലാമോഫോബിയ ആയുധമാക്കി സി.പി.എം നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണം സമൂഹത്തിൽ വലിയ തോതിലുള്ള വിദ്വേഷം രൂപപ്പെടാൻ കാരണമാവുമെന്നും പാർട്ടി അതിൽനിന്ന് പിൻവാങ്ങണമെന്നും കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ സംയുക്തമായി ആവശ്യപ്പെട്ടു.

വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടുക എന്നത് സംഘ്പരിവാർ കാലങ്ങളായി ഇന്ത്യയിലുടനീളം പയറ്റുന്ന തെരഞ്ഞെടുപ്പ് തന്ത്രമാണ്. എന്നാൽ, മുസ്‍ലിം സമുദായത്തെയും സമുദായ സംഘടനകളെയും മുൻനിർത്തി സംഘ്പരിവാർ നടത്തുന്ന അതേ വംശീയ പ്രചാരണ തന്ത്രങ്ങൾ കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. വംശീയ ഉന്മൂലനത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവർ, ആ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്‍ലിം സമുദായത്തിലെ സംഘടനകളെ ഭീകരവത്കരിക്കുന്നത് ഇസ്‌ലാമോഫോബിയക്ക് കരുത്തുപകരാൻ മാത്രമേ സഹായിക്കൂവെന്നും പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ പ്രബല സമൂഹങ്ങളായ മുസ്‍ലിം, ഈഴവ വിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ആസൂത്രിത ശ്രമങ്ങൾക്ക് ഭരണകൂടവും പാർട്ടിയും മൗനാനുവാദം നൽകുന്ന കാഴ്ചയാണ് കാണുന്നത്. ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫ് ഭരണത്തിൽ ആഭ്യന്തര വകുപ്പ് കൈയാളുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന ഇസ്‌ലാമോഫോബിയയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഗുജറാത്തിൽ അഹമ്മദ് പട്ടേൽ ആഭ്യന്തര മന്ത്രിയാകുമെന്ന് പറഞ്ഞ് ബി.ജെ.പി നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ കേരള പതിപ്പാണിത്.

മാറാട് കലാപത്തിൽ ഒരു പങ്കുമില്ലാത്ത ഒരു സംഘടനയെ അനാവശ്യമായി വലിച്ചിഴക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും കലാപാഹ്വാനം നടത്താനും മാത്രമേ ഉപകരിക്കൂവെന്നും പ്രസ്താവനയിൽ പറയുന്നു.

ഒ. അബ്ദുറഹ്മാൻ, കെ.കെ. ബാബുരാജ്, എം.എൻ. കാരശ്ശേരി, വി.എം. ഇബ്രാഹിം, സുദേഷ് എം. രഘു, എൻ. മാധവൻകുട്ടി, ശിഹാബ് പൂക്കോട്ടൂർ, അഡ്വ. ഷിബു മീരാൻ, ഡോ. ജിന്റോ ജോൺ, എ.എസ്. അജിത് കുമാർ, അംബിക മറുവാക്ക്, വി.പി. ദുൽഖിഫ്ൽ, ടി. ഇസ്മായിൽ, ഡോ. എ.കെ. സഫീർ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.

Tags:    
News Summary - CPM should not use Islamophobia as weapon in elections - Social and cultural activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.