ലവ് ജിഹാദ് ഉണ്ടെന്ന് അംഗീകരിക്കുന്ന പാർട്ടി രേഖകൾ പിൻവലിച്ച് മാപ്പുപറയാൻ സി.പി.എം തയാറു​ണ്ടോയെന്ന് വി.ടി. ബൽറാം

തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് അംഗീകരിക്കുന്ന പാർട്ടി രേഖകൾ പിൻവലിക്കാനും സംഘ് പരിവാർ പ്രചാരകരായി സ്വയം മാറിയതിന് കേരളത്തോട് മാപ്പു പറയാനും സി.പി.എം തയാറുണ്ടോയെന്ന് കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം. കോടഞ്ചേരി മിശ്രവിവാഹ വിവാദത്തിൽ ഡി.വൈ.എഫ്.ഐയുടെ നാലുവരി പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനുള്ളതാണെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. 'ലവ് ജിഹാദ്' എന്നത് ഒരു നിർമ്മിത കള്ളമാണെന്നും അതിന്റെ കേരളത്തിലെ പ്രധാന നിർമാതാക്കൾ സി.പി.എമ്മാണെന്നും ബൽറാം കുറ്റപ്പെടുത്തി.

'ലവ് ജിഹാദ്' എന്ന വാക്കുകൊണ്ട് എന്താണോ സംഘ് പരിവാർ വിവക്ഷിക്കുന്നത് അത് കേരളത്തിൽ നിലനിൽക്കുന്ന ഒരു യാഥാർഥ്യമാണെന്ന് സി.പി.എമ്മും അംഗീകരിക്കുന്നുവെന്ന് മാത്രമല്ല, പാർട്ടി രേഖകളിൽ കൃത്യമായി ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന കാര്യം ഇപ്പോഴും നിഷേധിക്കപ്പെടാതെ നിൽക്കുകയാണെന്നും പോസ്റ്റിൽ ബൽറാം പറയുന്നു.

ജോർജ് എം. തോമസിന്റേത് കേവലം നാക്കുപിഴയല്ലെന്നും മാധ്യമപ്രവർത്തകൻ പ്രത്യേകം എടുത്തു ചോദിക്കുമ്പോഴെല്ലാം ഈ പാർട്ടി രേഖകളുടെ കാര്യം ആവർത്തിക്കുന്നുണ്ടെന്നും ബൽറാം കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സി.പി.എം പാർട്ടി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലേക്ക് പോകുന്നതിന് മുമ്പുതന്നെ പാർട്ടി അംഗങ്ങൾക്ക് വിതരണം ചെയ്ത രേഖകളിൽ ലവ് ജിഹാദിന്റെ കാര്യം കൃത്യമായി പറയുന്നുണ്ടെന്ന പത്രവാർത്തയും ബൽറാം പോസ്റ്റിന്റെ കൂ​ടെ പങ്കുവെച്ചിട്ടുണ്ട്.

കണ്ണൂരിൽ കൊടിയിറങ്ങിയ സി.പി.എം പാർട്ടി സമ്മേളനത്തിന്റെ ഓരോ തലങ്ങളിലും ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് അതിന് അർഥമെന്നും ബൽറാം പറയുന്നു.

ദുരുദ്ദേശ്യ വിവാഹങ്ങളിലൂടെ കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയും ഇന്നും തിരുത്തപ്പെടാതെ നിൽക്കുകയാണെന്ന കാര്യവും ബൽറാം ചൂണ്ടിക്കാട്ടുന്നു.



Tags:    
News Summary - whether CPM ready to withdraw and apologize on party documents acknowledging existence of love jihad-VT Balram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.