വിജയരാഘവൻ ഇൻ; ബാലൻ ഔട്ട്

കണ്ണൂർ: സി.പി.എം പോളിറ്റ്ബ്യൂറോയിൽ എസ്.ആർ.പി ഒഴിഞ്ഞപ്പോൾ സ്വാഭാവിക പകരക്കാരനായാണ് എ. വിജയരാഘവന്‍റെ വരവ്. തുടക്കംമുതൽ പി.ബിയിലേക്ക് കേരളത്തിൽനിന്ന് ഉറപ്പുള്ളതായി പറഞ്ഞുകേട്ടതും വിജയരാഘവന്‍റെ പേരുതന്നെ. പിണറായി വിജയൻ നയിക്കുന്ന കേരളഘടകത്തിന്‍റെ പൂർണ വിശ്വസ്തൻ എന്നതുതന്നെ പ്രഥമ പരിഗണന. എ.കെ. ബാലന്‍റെ പേരും കേരളത്തിൽനിന്ന് പി.ബിയിലേക്ക് ഉയർന്നിരുന്നു. എന്നാൽ, ദലിത് പ്രതിനിധിയെന്ന നിലയിൽ ബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം മുന്നിലെത്തിയപ്പോൾ എ.കെ. ബാലൻ പുറത്തായി. പി.ബിയുടെ പ്രായപരിധി 75 വയസ്സ് കർശനമാക്കിയതോടെ 73 വയസ്സ് എന്ന പ്രായവും എ.കെ. ബാലന് പ്രതികൂലമായി. ബംഗാളിൽനിന്നുള്ള പ്രമുഖൻ ബിമൻ ബോസ് പടിയിറങ്ങിയപ്പോൾ പകരം വന്നത് ബംഗാൾ രാഷ്ട്രീയത്തിൽ സി.പി.എമ്മിന്‍റെ ദലിത് മുഖമായ ഡോ. രാമചന്ദ്ര ഡോം ആണ്. പാർട്ടിയുടെ പരമോന്നത സമിതിയിൽ ദലിതന് ഇടമില്ലെന്ന പേരുദോഷം തിരുത്തുന്നതിനൊപ്പം ബംഗാളിലെ തകർച്ചയിൽ പിടിച്ചുനിൽക്കാൻ പിന്നാക്കവിഭാഗങ്ങളുടെ പിന്തുണ ആർജിക്കാനുള്ള ശ്രമംകൂടിയാണ് ഡോ. ഡോമിന്‍റെ പി.ബി പ്രവേശനം.

പി.ബിയിൽനിന്ന് ഒഴിവായ ബംഗാളിൽനിന്നുള്ള ഹനൻ മൊല്ലക്ക് പകരം മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെയാണ് വന്നത്. കിസാൻ സഭയുടെ ജനറൽ സെക്രട്ടറി എന്നനിലക്കാണ് ഹനൻ മൊല്ല വന്നത്. പകരം വന്ന അശോക് ധാവ്ളെ കിസാൻ സഭയുടെ പ്രസിഡന്‍റാണ്. കർഷകപ്രക്ഷോഭത്തിൽ ധാവ്ളെയുടെ നേതൃത്വത്തിൽ കിസാൻസഭ വഹിച്ച സജീവ പങ്കിനുള്ള അംഗീകാരം കൂടിയാണ് പി.ബി പ്രവേശനം. ബംഗാളിൽനിന്ന് രണ്ടു പി.ബി അംഗങ്ങൾ ഒഴിഞ്ഞപ്പോൾ പകരം ബംഗാളിലെ തകർച്ചയുടെ പശ്ചാത്തലത്തിൽ ഒരാളെ മാത്രമാണ് കിട്ടിയത്. പ്രായപരിധി കാരണമാണ് എസ്.ആർ.പി, ബിമൻ ബോസ്, ഹനൻ മൊല്ല എന്നിവർ പി.ബിയിൽനിന്ന് ഒഴിവായത്.

കേന്ദ്ര കമ്മിറ്റിയിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിനായാണ് പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരുടെ തിരഞ്ഞെടുപ്പ്. വിദ്യാർഥി-യുവജന പ്രസ്ഥാനത്തിൽ തിളങ്ങിനിന്ന ഇരുവരും എം.പിമാരെന്ന നിലക്ക് മികച്ച പ്രകടനത്തിന് ഉടമകളുമാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും മന്ത്രിസഭയിലേക്കും ഒന്നിച്ചെത്തിയ ഇരുവരും കേന്ദ്ര കമ്മിറ്റിയിലേക്കും ജോഡികളായി കയറുന്നതെന്നും ശ്രദ്ധേയം.

എം.സി. ജോസഫൈനിന്‍റെ ഒഴിവിലേക്ക് രണ്ടു വനിതകളാണ് കേരളത്തിൽനിന്ന് വന്നത് -പി. സതീദേവിയും സി.എസ്. സുജാതയും. സതീദേവി മലബാറിന്‍റെയും സുജാത തെക്കൻ കേരളത്തിന്‍റെയും പ്രതിനിധിയായാണ് പരിഗണിക്കപ്പെട്ടത്.

ടി.എൻ. സീമയുടെ പേരുകൂടി പരിഗണനയിലുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം പട്ടികയിൽനിന്ന് പുറത്തായി. കേന്ദ്ര കമ്മിറ്റിയുടെ വലുപ്പം 95ൽ നിന്ന് 85 ആയി ചുരുക്കാനുള്ള തീരുമാനവും സീമയുടെ സാധ്യതകൾക്ക് വിലങ്ങുതടിയായി. മുഹമ്മദ് റിയാസ്, പി.കെ. ബിജു തുടങ്ങിയ പേരുകളും കേന്ദ്ര കമ്മിറ്റിയിലേക്ക് പറഞ്ഞുകേട്ടിരുന്നുവെങ്കിലും അവസാന ചർച്ചയിൽ ഇവയൊന്നും വന്നില്ല.

വിജയ നായകൻ

തൃശൂർ: എസ്. രാമചന്ദ്രൻ പിള്ളയുടെ താത്ത്വിക ശൈലിക്കും കോടിയേരിയുടെ പ്രായോഗിക ശൈലിക്കുമിടയിലാണ് എ. വിജയരാഘവന്‍റെ തലം. കളിയും കാര്യവും പരിഹാസവും വിമർശനവും താത്ത്വികവും പ്രായോഗികവുമെല്ലാം ഇതിനുള്ളിലുണ്ടാവും. ഈ മികവുതന്നെയാണ് സി.പി.എമ്മിന്‍റെ ഉന്നതാധികാര സമിതിയായ പോളിറ്റ്ബ്യൂറോയിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിക്കും പിന്നാലെ കേരളത്തില്‍നിന്ന് എ. വിജയരാഘവനെ പരിഗണിക്കാൻ രണ്ടുവട്ടം കൂടിയാലോചന ആവശ്യമില്ലാതിരുന്നത്. ഡൽഹിയിലെയും കേരളത്തിലെയും നേതൃതലത്തിലെ പരിചയസമ്പത്ത് ഇതിന് ആക്കംകൂട്ടി. പിണറായിക്കും യെച്ചൂരിക്കും ഒരുപോലെ സ്വീകാര്യനായ കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ് വിജയരാഘവന്‍. ആക്ടിങ് സെക്രട്ടറിയായതോടെ കേരളത്തിലെ പാർട്ടിയിൽ മൂന്നാമനായി വിജയരാഘവൻ മാറിയിരുന്നു.

വിവാദ പ്രസംഗങ്ങളിൽ വിമർശനങ്ങൾ നേരിട്ടപ്പോഴും സംഘടന ലൈനിൽനിന്ന് അണുവിട മാറാത്ത നേതാവ്. ദാരിദ്ര്യത്തിൽ വിദ്യാഭ്യാസംപോലും സാധ്യമാകാത്ത ബാല്യത്തിൽനിന്നാണ് എ. വിജയരാഘവൻ എന്ന നേതാവ് രൂപപ്പെടുന്നത്. പഠനകാലത്തെ വിദ്യാര്‍ഥി സമരങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. വിദ്യാർഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ക്രൂരമായ പൊലീസ് മര്‍ദനങ്ങൾ ഏറ്റുവാങ്ങി. മലപ്പുറം ഗവ. കോളജിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്കോടെയാണ് ബിരുദം നേടിയത്. കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമബിരുദവും നേടി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും ദേശീയ പ്രസിഡന്റുമായിരുന്നു.

1989ൽ വി.എസ്. വിജയരാഘവനെ പാലക്കാട് സീറ്റിൽ അട്ടിമറിച്ചാണ് വിജയരാഘവൻ ലോക്സഭയിൽ എത്തുന്നത്. പിന്നീട് രണ്ടു തവണ പരാജയപ്പെട്ടു. തുടർച്ചയായി രണ്ടു തവണ രാജ്യസഭാംഗമായി. രാജ്യസഭയിലെ ചീഫ് വിപ്പുമായിരുന്നു. കർഷകതൊഴിലാളി യൂനിയൻ അഖിലേന്ത്യ നേതാവായിരുന്ന അദ്ദേഹം പാർട്ടി കേന്ദ്ര സെന്‍ററിലും തിളങ്ങി. കേരളത്തിലെ പാർട്ടിയിൽ വിഭാഗീയത കൊടികുത്തിവാണ കാലത്ത് കേന്ദ്ര കമ്മിറ്റിയിൽ ഔദ്യോഗിക ചേരിയോടൊപ്പം നിലയുറപ്പിച്ചു. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് എൽ.ഡി.എഫ് കൺവീനറായി. അക്കാലത്ത് വിവാദ പ്രസംഗങ്ങളാൽ വിമർശിക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പോയപ്പോള്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ.

അക്കാലത്ത് സ്വർണക്കടത്ത്, ബിനീഷ് കോടിയേരിയുടെ കേസുകള്‍ തുടങ്ങി പാര്‍ട്ടി നേരിട്ട ആരോപണങ്ങളെ മെയ്വഴക്കത്തോടെ വിജയരാഘവന്‍ പ്രതിരോധിച്ചു. ആക്ടിങ് സെക്രട്ടറിയും മുന്നണി കൺവീനറുമായുള്ള ഇരട്ടദൗത്യം നിർവഹിച്ചു. ഒപ്പം രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിലെത്തിച്ച നായകനുമായി.

ഇ.എം.എസിന് ശേഷം മലപ്പുറം ജില്ലയിൽനിന്നുള്ള പി.ബി അംഗമെന്ന സവിശേഷത കൂടിയുണ്ട്. മലപ്പുറം ചെമ്മങ്കടവിലെ കർഷക തൊഴിലാളിയായ ആലമ്പാടൻ പറങ്ങോടന്‍റെയും കോട്ടക്കൽ സ്വദേശിനി മാളുക്കുട്ടിയമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി 1956ലാണ് ജനനം. ടെറിറ്റോറിയൽ ആർമിയിൽ കുറഞ്ഞകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വക്കീൽ ഗുമസ്തനുമായി. തൃശൂരിലാണ് താമസം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് ഭാര്യ. അഭിഭാഷകനായ ഹരികൃഷ്ണൻ ഏക മകനാണ്. 

Tags:    
News Summary - CPM politburo; A Vijayaraghavan enters top body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.