മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തുന്നു

സി.പി.എം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം; പിണറായി വിജയൻ പതാക ഉയർത്തി

കണ്ണൂർ: കർഷക സമരാരവങ്ങളും രക്​തസാക്ഷി സ്മരണകളും നിറഞ്ഞ കണ്ണൂരിന്‍റെ വിപ്ലവ ഭൂമിയിൽ 23ാം പാർട്ടി കോൺഗ്രസിന് ചെ​മ്പതാക ഉയർന്നു. പാര്‍ട്ടി പിറന്ന നാട് ആദ്യമായി ആതിഥ്യമരുളുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് പൊതുസമ്മേളന വേദിയായ എ.കെ.ജി നഗറില്‍ (ജവഹര്‍ സ്‌റ്റേഡിയം) സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി.

കയ്യൂരില്‍ നിന്ന് കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി നയിച്ച കൊടിമര ജാഥയും വയലാറില്‍നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് നയിച്ച പതാക ജാഥയും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ചൊവ്വാഴ്ച വൈകീട്ടോടെ കണ്ണൂരിലെത്തി. കാൽടെക്​സിലെ എ.കെ.ജി സ്ക്വയറിലെത്തിയ ജാഥയെ സ്ത്രീകളും കുട്ടികളുമടക്കമുള്ള പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുപ്രകടനമായി എ.കെ.ജി നഗറിലേക്കാനയിച്ചു. വയലാറില്‍ നിന്നെത്തിച്ച പതാകയാണ്​ പൊതുസമ്മേളന വേദിയില്‍ ഉയര്‍ത്തിയത്​. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, വി.എൻ. വാസവൻ, പി.എ. മുഹമ്മദ്​ റിയാസ്​, കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പ​ങ്കെടുത്തു.

പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ 10ന്​ നായനാർ അക്കാദമിയിൽ സീതാറാം യെച്ചൂരി ഉദ്​ഘാടനം ചെയ്യും. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 811 പേരാണ്​ പ്രതിനിധി സമ്മേളനത്തിൽ പ​ങ്കെടുക്കുന്നത്​. കണ്ണൂർ ടൗൺ സ്ക്വയറിലാണ്​ സമ്മേളനത്തിന്‍റെ അനുബന്ധ പരിപാടികൾ നടക്കുക. പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ നാടും നഗരവും കൊടിതോരണങ്ങളാലും വർണവിളക്കുകൾ കൊണ്ടും അലങ്കരിച്ച നിലയിലാണ്​. സി.പി.എമ്മിന്​ രാജ്യത്ത്​ ഏറ്റവും അംഗബലവും ശക്​തിയുമുള്ള ജില്ലയിൽ പാർട്ടി കോൺഗ്രസ്​ ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പിലാണ്​ നേതൃത്വം.

കോൺഗ്രസിന്‍റെ ഭാഗമായുള്ള ​സെമിനാറിൽ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ​ങ്കെടുക്കും. കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ ചർച്ച ചെയ്യുന്ന ഏപ്രിൽ ഒമ്പതിലെ സെമിനാറിലാണ്​ അദ്ദേഹം പങ്കാളിയാവുക. സമാപന സമ്മേളനം ഏപ്രിൽ 10ന്​ ​വൈകീട്ട് കണ്ണൂർ ജവഹർ സ്​റ്റേഡിയം ഗ്രൗണ്ടിലാണ്​. സമാപന സമ്മേളനത്തിൽ ലക്ഷത്തിലേറെ പേർ പ​ങ്കെടുക്കുമെന്നാണ്​ പാർട്ടിയുടെ കണക്കുകൂട്ടൽ.

സ്വന്തം ജില്ലയിൽ നടക്കുന്ന സമ്മേളനത്തിന്‍റെ സംഘാടനത്തിന് മുഴുവൻ കാര്യങ്ങളിലും നേതൃത്വം നൽകു​ന്നത്​ മുഖ്യമന്ത്രി പിണറായി വിജയനാണ്​. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ്​ കാരാട്ട്​, വൃന്ദ കാരാട്ട്​ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കമുള്ളവരും കണ്ണൂരിലെത്തി. പാർട്ടി കോൺഗ്രസിന്‍റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ അവെയ്‍ലബിൾ പി.ബി യോഗവും ചൊവ്വാഴ്ച കണ്ണൂരിൽ ചേർന്നു.

Tags:    
News Summary - cpm party congress started in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.