സി.പി.എം പാർട്ടി കോൺഗ്രസ്: പുതുമുഖങ്ങൾ നേതൃത്വത്തിലേക്ക്

കണ്ണൂർ: സി.പി.എമ്മി​െൻറ 23 ാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിതാഴുമ്പോൾ പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും കണ്ടുപരിചയിച്ച പലമുഖങ്ങളും അണിയറയിലേക്ക് മാറും; പുതുമുഖങ്ങൾ അരങ്ങിലേക്കും വരും. ശനിയാഴ്ച രാത്രിയോടെതന്നെ ഇക്കാര്യത്തിൽ പി.ബിയിൽ ധാരണയായതിനാൽ ഞായറാഴ്ച പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്ക് മുമ്പാകെ അവതരിപ്പിക്കുക എന്ന ഔദ്യോഗിക നടപടിക്രമമാണ് നേതൃത്വത്തിന് നിർവഹിക്കാനുള്ളത്.

പാർട്ടി സെൻററിനെ സഹായിക്കാൻ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കുന്നുവെങ്കിൽ രണ്ടു പതിറ്റാണ്ടിനിപ്പുറമാണ് സി.പി.എമ്മിൽ അത്തരമൊരു നടപടി. കഴിഞ്ഞ പാർട്ടി കോൺഗ്രസ് ഏൽപിച്ച പല ചുമതലകളും നിർവഹിക്കാനായില്ലെന്ന സ്വയം വിമർശനം പി.ബി നടത്തിയിട്ടുണ്ടെങ്കിലും 75 വയസ്സ് പ്രായപരിധി കഴിഞ്ഞവർ മാത്രമാവും ഒഴിയുക. മറിച്ചൊരത്ഭുതവും സംഭവിച്ചില്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം തവണയും സീതാറാം യെച്ചൂരിക്ക് അവസരം നൽകുമെന്ന് ഉറപ്പാണ്. മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ഒഴിയുകയും പകരം എ. വിജയരാഘവന്റെ വരവുമാവും കേരളഘടകത്തിൽ ശ്രദ്ധേയമാവുക. ബംഗാളിൽനിന്ന് കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയായ ഹനൻ മൊല്ല ഒഴിയുമ്പോൾ മഹാരാഷ്ട്രയിൽനിന്നുള്ള കിസാൻസഭ അഖിലേന്ത്യാ പ്രസിഡൻറ് അശോക് ധാവ്ളെ പി.ബിയിൽ എത്തും. ബിമൻ ബസു ഒഴിഞ്ഞാലും ബംഗാളിൽനിന്ന് മറ്റൊരുനേതാവ് കടന്നുവരാൻ സാധ്യത കുറവാണെന്നാണ് സൂചന.

ബംഗാൾ ഘടകം നിലപാട് കടുപ്പിച്ചാൽ പി.ബിക്ക് വഴങ്ങേണ്ടിവരും. നിലവിൽ സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലീം, നീലോൽപൽ ബസു, തപൻസെൻ എന്നിവർ പി.ബിയിലുണ്ട്. കേന്ദ്ര കമ്മിറ്റി ഉൾപ്പെടെയുള്ള ഘടകങ്ങളിലെ സ്ത്രീപ്രാതിനിധ്യത്തിൽ പാർട്ടി കോൺഗ്രസിൽ തീരുമാനമുണ്ടാവും. പി.ബിയിൽ ഇതുവരെ ദലിത് വിഭാഗത്തിൽനിന്നൊരാളും ഇല്ലെന്നതിന് പരിഹാരം ഇത്തവണയുണ്ടാകും. എന്നാൽ, അത് കേരളത്തിൽനിന്നാവില്ലെന്നാണ് സൂചന. കേരളത്തിൽ കേന്ദ്ര കമ്മിറ്റിയിൽനിന്ന് പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവർ പ്രായപരിധിയിൽ ഒഴിയും. പകരം, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ സി.സിയിൽ എത്തിയേക്കും. 

Tags:    
News Summary - CPM Party Congress: Newcomers to leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.