സി.പി.എം അംഗങ്ങളുടെ കൈയാങ്കളി: പഞ്ചായത്ത് പ്രസിഡന്‍റിന് പാര്‍ട്ടിയില്‍നിന്ന്​ സസ്​പെൻഷൻ

അമ്പലപ്പുഴ: സി.പി.എം അംഗങ്ങൾ തമ്മിലുള്ള കൈയാങ്കളി വിവാദത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും വടക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ എസ്. ഹാരിസിനെയാണ് ജില്ല സെക്രട്ടറി ആർ. നാസറിന്‍റെ അധ്യക്ഷതയിൽ ഏരിയ നേതൃത്വം ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഒരുമാസം മുമ്പാണ് വികസന-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനായ ധ്യാനസുതനും ഹാരിസുമായി വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽ വാക്കേറ്റമുണ്ടായത്. ധ്യാനസുതന് മർദനമേൽക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം പാർട്ടി മേൽഘടകത്തിനടക്കം പരാതി നൽകി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഹാരിസിനെതിരെ നടപടി.

അതേസമയം, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളും ലോക്കൽ കമ്മിറ്റി അംഗങ്ങളുമായ ധ്യാനസുതൻ, പ്രജിത് കാരിക്കൽ എന്നിവർക്കെതിരായ പരാതികൾ അന്വേഷിക്കാൻ വണ്ടാനം ലോക്കൽ കമ്മിറ്റിക്കും ജില്ല സെക്രട്ടറി നാസറിന്‍റെ സാന്നിധ്യത്തിൽ ബുധനാഴ്ച ചേർന്ന അമ്പലപ്പുഴ ഏരിയ കമ്മിറ്റി നിർദേശം നൽകി. ഹാരിസിന്‍റെ വിശദീകരണത്തിലാണ് ധ്യാനസുതനെതിരായ ലോക്കൽ കമ്മിറ്റി അന്വേഷണം.

ഗ്രാമപഞ്ചായത്ത് ഓഫിസിലെ ജീവനക്കാരനുമായുള്ള തർക്കവും വാർഡിലെ താമസക്കാരനായ വ്യക്തിയുമായുള്ള സംഘർഷവുമാണ് പ്രജിത് കാരിക്കലിനെതിരെ അന്വേഷണത്തിന് ലോക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

Tags:    
News Summary - CPM panchayat president suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.