തിരുവനന്തപുരം: വർഗീയതക്കെതിരായ ദേശീയ മതനിരപേക്ഷ കൂട്ടായ്മയുടെ പേരിൽ മുസ്ലിം ലീഗിനെ ആകർഷിക്കാൻ സി.പി.എം കരുനീക്കുമ്പോൾ കരുതലോടെ ലീഗും അങ്കലാപ്പിലായി കോൺഗ്രസും.
ഒരു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നേതാക്കൾ ലീഗിനെതിരെ നടത്തിയ കടന്നാക്രമണങ്ങൾ പിൻവലിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന വ്യക്തമായ കണക്കുകൂട്ടലോടെതന്നെയുള്ളതാണ്. എൽ.ഡി.എഫ് വിപുലീകരണം ചർച്ച ചെയ്തിട്ടില്ലെന്നും ആരെയും ക്ഷണിച്ചിട്ടില്ലെന്നും നേതാക്കൾ പറയുമ്പോഴും ഭാവി മുന്നിൽ കണ്ടുള്ളതാണ് ഗോവിന്ദന്റെ നീക്കമെന്നു വ്യക്തം. ശശി തരൂർ വിവാദം, സർവകലാശാല ബിൽ, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് സമീപനത്തോട് ലീഗിന് കടുത്ത വിയോജിപ്പുണ്ട്. വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു വലിയൊരു നീക്കം വേണമെന്നത് സി.പി.എം നിലപാടാണ്. വർഗീയതയെ എതിർക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും തമ്മിലുള്ള പൊതുവായ യോജിപ്പാണ് ഉദ്ദേശിക്കുന്നതെന്ന് ഗോവിന്ദൻ വിശദീകരിക്കുന്നു. എന്നാൽ, സി.പി.എം സെക്രട്ടറിയുടെ പ്രസ്താവനയിൽ കുരുങ്ങാതെയുള്ള നീക്കമാണ് ലീഗ് നേതൃത്വത്തിന്റേത്. ഇടതു മുന്നണിയിൽ പോകുന്നതിനോട് ചില നേതാക്കൾക്ക് താൽപര്യമുണ്ടെങ്കിലും സമയമായില്ലെന്നാണു ലീഗിന്റെ പൊതുവിലയിരുത്തൽ. അപകടം മനസ്സിലാക്കിയാണ് കോൺഗ്രസ് ഇടപെടൽ. സി.പി.എമ്മിന്റെ മനസ്സിലിരിപ്പ് നടക്കില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.