നിലമ്പൂർ പെട്ടി വിവാദത്തിൽ പ്രതികരിച്ച് സി.പി.എം നേതാക്കൾ; താന്തോന്നിത്തം കളിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ, രാഹുലും ഷാഫിയും ന്യൂജൻ കോൺഗ്രസെന്ന് എ. വിജയരാഘവൻ

നിലമ്പൂർ: ഷാഫി പറമ്പിൽ എം.പിയുടെയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെയും വാഹനം തടഞ്ഞുനിർത്തി വസ്ത്രങ്ങളടങ്ങിയ പെട്ടി പൊലീസ് പരിശോധിച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.എം നേതാക്കൾ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ്, എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

നിരായുധീകരിക്കപ്പെട്ട യു.ഡി.എഫിനെയാണ് കാണുന്നതെന്നും എൽ.ഡി.എഫിനെതിരെ മറ്റ് വിഷയങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പെട്ടി വിവാദം ഉയർത്തുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

പെട്ടി പരിശോധനയില്‍ എന്ത് അത്ഭുതമാണുള്ളത്. ഇവര്‍ രാജാക്കന്മാർ ആണെന്നാണോ?. ഞങ്ങളുടെ വാഹനം പരിശോധിക്കുന്നതിന് ഒരു തടസവുമില്ല. ഉദ്യോഗസ്ഥര്‍ അവരുടെ പണിയല്ലേ എടുക്കുന്നത്. ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നും താന്തോന്നിത്തം കളിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

വാഹന പരിശോധന എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്ന് പി.ബി അംഗം എ. വിജയരാഘവൻ വ്യക്തമാക്കി. പരിശോധന അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ല. നമ്മളെ ഒക്കെ പരിശോധിക്കും. അത് അവഹേളനമായി തോന്നിയിട്ടില്ല. പി.കെ. ബിജുവിന്‍റെയും കെ. രാധാകൃഷ്ണന്‍റെയും പി.വി. അബ്ദുൽ വഹാബിന്‍റെയും വാഹനം പരിശോധിച്ചിട്ടുണ്ട്. രാഹുലും ഷാഫിയും ന്യൂജൻ കോൺഗ്രസാണെന്നും ഉദ്യോഗസ്ഥർക്കെതിരായ അവരുടെ ഭീഷണിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും എ. വിജയരാഘവൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാക്കളുടെ പ്രതികരണം പ്രായത്തിന്‍റെ പക്വതയില്ലായ്മയായി കണ്ടാൽ മതി. ആരും ആരെയും ഭീഷണിപ്പെടുത്തരുത്. പരിശോധനകൾ സാധാരണ നിലയിൽ നടക്കുന്നതാണ്. നാട്ടുനടപ്പ് പോലെ സ്ഥിരമായി തെരഞ്ഞെടുപ്പിൽ കാണുന്ന കാര്യമാണ് പരിശോധന. പരിശോധന അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ല. പ്രതികരിക്കേണ്ടെന്ന് ആദ്യം തീരുമാനിച്ചതാണ്. വീണ്ടും വിഷയം ചർച്ച ആയതു കൊണ്ടാണ് സംസാരിച്ചത്.

ഇന്നോവയിൽ പോകുന്നവരെയാണ് കൂടുതലായി പരിശോധിക്കുന്നത്. രാഹുലിനെയും ഷാഫിയെയും വിമർശിക്കേണ്ട കാര്യമില്ല. ചെറുപ്പക്കാരായ കോൺഗ്രസ് ജനപ്രതിനിധികൾ ഊർജസ്വലത കൂടി കാണിച്ചതാണ്. അതിൽ അസ്വാഭാവികതയില്ല. അവർ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. പാലക്കാട് നിന്നും നിലമ്പൂരിലേക്ക് ഒരുപാട് ദൂരമുണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.

നിലമ്പൂരിൽ വാഹന പരിശോധന വിവാദമാക്കുന്നത് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് യു.ഡി.എഫിന് ഒളിച്ചോടാനെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം എല്ലാവർക്കും ബാധകമാണ്. താൻ ഔദ്യോഗിക വാഹനത്തിലല്ല പോയത്. ചട്ടം പാലിച്ചാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോയതെന്നും മന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കളുടേത് അപക്വമായ നിലപാടാണെന്നും പരിശോധനയുമായി പാർട്ടികൾ സഹകരിക്കുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി മടങ്ങിയ ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പൊലീസ് പരിശോധന നടത്തിയത്. രാത്രി ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുംവഴി നിലമ്പൂരിൽ വടപുറത്ത് വച്ചായിരുന്നു വാഹന പരിശോധന.

ഷാഫി പറമ്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഷാഫിയും രാഹുലും മറ്റുള്ളവരും പുറത്തിറങ്ങി. തുടർന്ന് കാറിനുള്ളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഡിക്കി തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം ഡിക്കിയിൽ നിന്നും ഷാഫി പെട്ടികൾ എടുത്ത് റോഡിൽ വച്ചു. പെട്ടികൾ കണ്ട ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കാതെ യാത്ര തുടരാൻ ഷാഫി അടക്കമുള്ളവരോട് പറഞ്ഞു. എന്നാൽ, പെട്ടി തുറന്ന് പരിശോധിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പെട്ടിക്കുള്ളിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.

Tags:    
News Summary - CPM leaders respond to Nilambur Suitcase Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.