എസ്.എഫ്.ഐയിൽ മാലിന്യങ്ങൾ കൂടിയതിനെ കുറിച്ചാണ് പറഞ്ഞതെന്ന് ജി. സുധാകരൻ; ‘രക്തസാക്ഷി കുടുംബങ്ങളെ അധിക്ഷേപിക്കരുത്’

ആലപ്പുഴ: എസ്.എഫ്.ഐക്കെതിരെ കവിത എഴുതിയിട്ടില്ലെന്നും സംഘടനയിൽ മാലിന്യങ്ങൾ കൂടിയതിനെ കുറിച്ചാണ് താൻ പറഞ്ഞതെന്നും സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. പ്രത്യയശാസ്ത്ര ബോധം ഇല്ലാത്തവർ കടന്നുകൂടിയിട്ടുണ്ട്. വിദ്യാർഥി പ്രസ്ഥാനത്തെ മാത്രമല്ല ഉദ്ദേശിച്ചതെന്നും വിപ്ലവ പ്രസ്ഥാനത്തെയും കൂടിയാണെന്നും ജി. സുധാകരൻ വ്യക്തമാക്കി. ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിൽ ജി. സുധാകരൻ എഴുതിയ പുതിയ കവിതയിൽ എസ്.എഫ്.ഐക്കെതിരെ വിമർശനമുണ്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രക്തസാക്ഷി കുടുംബത്തിന് വേദനയുണ്ടാക്കുന്നതിനെ കുറിച്ചും കവിതയിൽ പറഞ്ഞിട്ടുണ്ട്. പുന്നപ്രയുടെയും വയലാറിന്‍റെയും നാട്ടിൽ വിപരീത പ്രവർത്തനം നടത്താൻ പാടില്ല. പ്രത്യയ ശാസ്ത്രനിബദ്ധവും രാഷ്ട്രീയമായ ഉന്നതി ലക്ഷ്യമാക്കുന്നതും ആദർശഭരിതമായ പ്രവർത്തനവും ഉണ്ടായിരുന്നു. എന്നാൽ, ഇതിനെതിരായ ചിലർ എസ്എഫ്ഐയിൽ കയറി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.

മർക്കടമുഷ്ടി ചുരട്ടിയ നേതാവ് എന്നാണ് തന്നെക്കുറിച്ച് പറഞ്ഞത്. അയാൾ ഇന്ന് എസ്.എഫ്.ഐയുടെ നേതാവാണ്. എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ ആകാൻ കഴിയാത്തതിൽ നിരാശയായിരിക്കാം തന്നെ പറ്റി പറയാൻ കാരണം. ഇത്തരക്കാർക്ക് പാർട്ടി താക്കീത് നൽകണം. എസ്.എഫ്.ഐയിലെ ചിലർ ഇപ്പോഴും രാഷ്ട്രീയ ക്രിമിനലുകൾ ആകുന്നുവെന്ന് ജി. സുധാകരൻ കുറ്റപ്പെടുത്തി.

രക്തസാക്ഷിയെ സംഭാവന ചെയ്ത കുടുംബങ്ങളെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.

‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിൽ ജി. സുധാകരൻ എഴുതിയ പുതിയ കവിതയിൽ എസ്.എഫ്.ഐക്കെതിരെ വിമർശനമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. എസ്.എഫ്.ഐ കുറ്റക്കാരാൽ നിറയാൻ തുടങ്ങുന്നുവെന്നാണ് കവിതയിൽ പറയുന്നത്.

സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും കവിതയിൽ സുധാകരൻ പറയുന്നുണ്ട്. കല്ലെറിയുന്നവർക്ക് രക്തസാക്ഷി കുടുംബത്തിന്‍റെ വേദന അറിയില്ലെന്നും മരിച്ചാൽ പോലും ക്ഷമിക്കില്ലെന്നും ജെ. സുധാകരൻ വിവരിക്കുന്നു. 

Tags:    
News Summary - CPM Leader G Sudhakaran React to New Poema and SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.