സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നു

വിള നന്നാവണമെങ്കിൽ കള പറിച്ചു മാറ്റണം -എം.വി. ഗോവിന്ദൻ

പേരാമ്പ്ര: വിള നന്നാവണമെങ്കിൽ കള പറിച്ചു മാറ്റേണ്ടത് അത്യാവശ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് പേരാമ്പ്രയിൽ ജനകീയ പ്രതിരോധ യാത്രയുടെ വെള്ളിയാഴ്ചത്തെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആരെയും പേരെടുത്ത് പറയാതെയുള്ള സെക്രട്ടറിയുടെ പരാമർശം. 

പാർട്ടിയിൽ ഇപ്പോൾ ഒരു വിഭാഗീയതയും ഇല്ലെന്നും നല്ല യോജിപ്പോടെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂഡൽ വ്യവസ്ഥയുടെ മുകളിൽ കെട്ടിവെച്ച മുതലാളിത്ത സമൂഹത്തിൽ തെറ്റായ പ്രവണത ഉണ്ടാവും. അതിനെ അരിച്ചെടുത്ത് മുന്നോട്ടു പോകുകയാണ് പാർട്ടി ചെയ്യുന്നത്. തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചുപൊറുപ്പിക്കില്ല. ബൂർഷ്വ പാർട്ടികളും മാധ്യമങ്ങളും ചേർന്ന് പാർട്ടിയെ കൊത്തിവലിക്കാൻ ശ്രമിക്കുമ്പോൾ ജനകീയ പ്രതിരോധമൊരുക്കും.


കേരളത്തിനു തരാനുള്ള പണം തരാതെ ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിന്‍റെ കഴുത്തിന് കത്തി വെക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇന്ത്യയുടെ മതനിരപേക്ഷത തകർത്ത് മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള പുതിയ ഭരണഘടന ഉണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമം. യു.ഡി.എഫിന്‍റെ അജണ്ടയുടെ ഭാഗമായാണ് ആർ.എസ്.എസ് - ജമാഅത്തെ ഇസ്ലാമി ചർച്ച നടന്നത്.


കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ തുരങ്കം വെക്കുകയാണ് പ്രതിപക്ഷം. കെ-റെയിലിനെ എതിർക്കുന്നത് രാഷ്ട്രീയ കാരണം കൊണ്ടാണ്. മാക്സിന്‍റെ മൂലധന സിദ്ധാന്തം കേരളത്തിൽ പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജാഥക്ക് പേരാമ്പ്രയിൽ വൻ സ്വീകരണമാണ് നൽകിയത്. പേരാമ്പ്രയിൽ ചുവപ്പ് വളണ്ടിയർമാരും, മണ്ഡലം നേതാക്കളും ബാന്‍റ് വാദ്യം, ശിങ്കാരി മേളം, നാടൻ കലാരൂപങ്ങൾ തുടങ്ങിയവരുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജെയ്ക്. പി. തോമസ്, കെ.ടി. ജലീൽ, സി.എസ്. സുജാത, സംഘടന സമിതി കൺവീനർ എസ്.കെ. സജീഷ്, എം. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.  

Tags:    
News Summary - CPM Janakeeya prathirodha yathra in permabra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.