തിരുവനന്തപുരം: വ്യാഖ്യാനിച്ചും വിശദീകരിച്ചും നേതാക്കൾ മറയിടാൻ ശ്രമിക്കുമ്പോഴും അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ജനസംഘവുമടക്കം ജനത പ്ലാറ്റ്ഫോമിൽ സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടുവെന്നത് ചരിത്രയാഥാർഥ്യം. അടിന്തരാവസ്ഥക്കെതിരെയുള്ള ജനരോഷമാണ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മക്കും കോൺഗ്രസിനെതിരെ ഒന്നിച്ചുള്ള മത്സരത്തിനും വഴിതുറന്നത്.
ആർ.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ജനസംഘം ജയപ്രകാശ് നാരായണന്‍റെ ജനത മുന്നണിയിൽ ചേർന്നതോടെ എൽ.കെ. അദ്വാനിയും എ.ബി. വാജ്‌പേയിയും മുന്നണിയുടെ പ്രധാന കാര്യക്കാരായിരുന്നു. കലപ്പയേന്തിയ കർഷകനായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്‌നം. കെ. ചന്ദ്രശേഖരന്‍ ചെയര്‍മാനായി ജനത പാര്‍ട്ടി കേരളഘടകം രൂപംകൊണ്ടു. അഖിലേന്ത്യ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ് എന്നിവയും കേരളത്തിൽ മുന്നണിയുടെ ഭാഗമായി.
ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ആറുമാസം വീതം മൂന്നുതവണ നീട്ടിയ ശേഷമാണ് 1977 മാർച്ച് 19ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. പ്രഖ്യാപനത്തിന്‍റെ പിറ്റേദിവസം തിരുവനന്തപുരത്ത് വെട്ടിമുറിച്ച കോട്ടയില്‍ നടന്ന സി.പി.എം പൊതുയോഗത്തില്‍ ഏകാധിപത്യത്തിനെതിരെ രംഗത്തിറക്കാൻ ഇ.എം.എസ് ആഹ്വാനം ചെയ്തു.
ഉദുമയിൽ സി.പി.എം ഉൾപ്പെടുന്ന മുന്നണിയുടെ സ്ഥാനാർഥിയായിരുന്നു ജനസംഘം നേതാവ് കെ.ജി. മാരാർ. 1977 മാര്‍ച്ച് മൂന്നിന് സി.പി.എമ്മിന്റെ പാലക്കാട് സ്ഥാനാർഥി ടി. ശിവദാസമേനോന്റെ കൺവെൻഷൻ പാലക്കാട് ഗൗഡർ തിയറ്ററിൽ ഉദ്ഘാടനം ചെയ്തത് എൽ.കെ. അദ്വാനി ആണ്. അദ്വാനിയുടെ പ്രസംഗം തർജമ ചെയ്തതത് ഒ. രാജഗോപാലും. മുന്നണി സ്ഥാനാർഥികൾക്ക് വേണ്ടി തിരുവനന്തപുരത്തും അദ്വാനി അന്ന് പ്രസംഗിച്ചിരുന്നു. സി.പി.എം നേതാക്കളും വേദിയിലുണ്ടായിരുന്നു.
കൂത്തുപറമ്പിൽ നിന്നാണ് പിണറായി വിജയൻ ജനവിധി തേടിയത്. 1970ലെ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽനിന്ന് പിണറായി വിജയൻ 743 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിൽ ജനസംഘം ഉൾപ്പെട്ട മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ട 1977ൽ പിണറായിയുടെ ഭൂരിപക്ഷം 4401 ആയി. അതേസമയം സി.പി.എം നേതാക്കളടക്കം പ്രചാരണത്തിനിറങ്ങിയിട്ടും കെ.ജി. മാരാർ 3545 വോട്ടിന് തോറ്റു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്കെതിരായിരുന്നു ജനവിധിയെങ്കിൽ കേരളത്തിൽ തിരിച്ചായിരുന്നു ഫലം. ജനത മുന്നണി വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോൾ കേരളത്തിൽ ജനസംഘവും സി.പി.എമ്മും ഉൾപ്പെട്ട പ്രതിപക്ഷ മുന്നണി തകർന്നടിഞ്ഞു. 140 ൽ 29 സീറ്റാണ് പ്രതിപക്ഷ മുന്നണിക്ക് കിട്ടിയത്. കോൺഗ്രസ്- 38 സി.പി.ഐ -23 കേരള കോൺഗ്രസ്- 20, മുസ്ലീം ലീഗ് -13, ആർ.എസ്.പി -9 , പി.എസ്.പി- 3, എൻ.സി.പി -5 എന്നിങ്ങനെയായിരുന്നു ഭരണപക്ഷ സീറ്റ് നില.
സി.പി.എമ്മിന് 17 സീറ്റ് കിട്ടി. ജനത പാർട്ടി-6, പ്രതിപക്ഷ മുസ്ലിംലീഗ്-മൂന്ന്, പ്രതിപക്ഷ കേരള കോൺഗ്രസ്-2, സ്വതന്ത്രർ -ഒന്ന് എന്നിങ്ങനെ മറ്റുള്ളവർക്കും. ഇ.എം.എസ് 1999 വോട്ടിന്‍റെ കഷ്ടിച്ച ഭൂരിപക്ഷത്തിൽ ആലത്തൂരിൽ ജയിച്ചപ്പോൾ കെ.ആർ ഗൗരി അരൂരിൽ പി .എസ് ശ്രീനിവാസനോട് പരാജയപ്പെട്ടു. ചാത്തുണ്ണി മാസ്റ്ററും വി.എസ്. അച്യുതാന്ദനും ഇ. ബാലന്ദനും പി.കെ. ചന്ദ്രാനന്ദനും പരാജയമറിഞ്ഞു. ശക്തികേന്ദ്രങ്ങളായ ആലപ്പുഴയിലും പാലക്കാട്ടും സി.പി.എം. തകര്‍ന്നടിഞ്ഞു. ആലപ്പുഴയില്‍ ഒരു സ്ഥാനാര്‍ത്ഥി പോലും വിജയിച്ചില്ല.
തിരുവനന്തപുരം: ജനസംഘവുമായി ചേർന്ന് ചേർന്ന് അടിയന്തരാവസ്ഥയെ നേരിടാൻ കേന്ദ്ര കമ്മിറ്റിയുടെ ഭൂരിപക്ഷം അഭിപ്രായ ഉപയോഗിച്ച് സി.പി.എം തീരുമാനം എടുത്തതാണ് ജനറൽ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പി.സുന്ദരയ്യ ചുമതലകളിൽ നിന്ന് രാജിവെക്കാൻ കാരണം. പാരാമിലിട്ടറി ഫാഷിസം അടിത്തറയായ ആർ.എസ്.എസിന്റെ പിൻബലമുള്ള പ്രോ ഇംപീരിയലിസ്റ്റ് സംവിധാനമാണ് ജനസംഘമെന്ന് സുന്ദരയ്യ രാജിക്കത്തിൽ പറയുന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ജനാധിപത്യ സമൂഹത്തിലെ ഇംപീരിയ ലിസ്റ്റ് വിരുദ്ധരും സോഷ്യലിസ്റ്റുകളുകൾക്കുമിടയിൽ നാം ഒറ്റപ്പെട്ടു പോകാൻ ഈ തീരുമാനം കാരണമാകും എന്നതിലാണ് രാജിവെച്ചതെന്ന് 122 പേജുള്ള കത്തിൽ അടിവരയിട്ട് ചൂണ്ടിക്കാട്ടുന്നു. സുന്ദരയ്യ ജനറൽ സെക്രട്ടറി ആകുമ്പോൾ കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും ഇഎംഎസ് ഉണ്ടായിരുന്നു. സുന്ദരയയ്യക്ക് ശേഷം ജനറൽ സെക്രട്ടറി ആയതും ഇ.എം.എസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.