എറണാകുളം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെ ജനാധിപത്യപരമായി വിലയിരുത്തുന്നതിന് പകരം നിലമ്പൂരിലെ വോട്ടർമാരെ തീവ്രവാദികളും വർഗീയവാദികളുമാക്കി മാറ്റി ഭിന്നിപ്പിന്റെ രാഷ്ട്രീയം തുടരാനുള്ള സി.പി.എം ശ്രമം കേരളത്തിൻ്റെ സാമൂഹ്യഘടനയ്ക്ക് വലിയ ആഘാതം ഉണ്ടാക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
നിലമ്പൂരിൽ ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്തവരെ വർഗീയവാദികളും കുഴപ്പക്കാരുമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. മുമ്പും തെരഞ്ഞെടുപ്പ് പരാജയത്തെ ഇങ്ങനെ തന്നെയാണ് സി.പി.എം നേരിട്ടത്. ഇതിലൂടെ ആർ.എസ്.എസ് രൂപപ്പെടുത്തിയ മുസ്‌ലിം ഭീതിയും ധ്രുവീകരണ പ്രവർത്തനങ്ങളും ആർ.എസ്.എസിനെക്കാൾ ആവേശത്തിൽ തുടരുമെന്നാണ് സി.പി.എം വെളിപ്പെടുത്തുന്നത്. തനിക്ക് വോട്ട് ചെയ്യാത്തവരെയും തന്റെ പരാജയത്തിൽ ആഹ്ലാദിക്കുന്നവരെയും ഇസ്‌ലാമിക സംഘ്പരിവാർ എന്നാണ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് അധിക്ഷേപിച്ചത്.
ആയിരക്കണക്കിനു വംശീയ ഉന്മൂലനവും കൊലപാതകവും നടത്തിയ രാജ്യത്തെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായ ആർഎസ്എസിനോട് തനിക്കെതിരെ വോട്ട് ചെയ്ത ജനങ്ങളെ സമീകരിച്ച സ്വരാജിന്റെ നടപടിയിൽ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി വെളിപ്പെടുത്തേണ്ടതുണ്ട്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആർ.എസ്.എസിനോട് ചേർത്തു വെക്കുന്ന സ്വരാജിന്റെ പ്രസ്താവന ആർ.എസ്.എസിൻ്റെ വംശീയ ഉന്മൂലന ശ്രമങ്ങളെ ന്യൂനീകരിക്കൽ കൂടിയായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.