തിരുവനന്തപുരം: ലോക്സഭക്കു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും കനത്ത പരാജയമേറ്റുവാങ്ങിയ സി.പി.എമ്മിന്റെ മുന്നിലെ ആദ്യ ദൗത്യം പ്രതീക്ഷ നഷ്ടമായ പ്രവർത്തകരെ മൂന്നാം ഇടതു സർക്കാറിനായി രംഗത്തിറക്കലാണ്. സർക്കാറിനെതിരായ രാഷ്ട്രീയ വിവാദങ്ങളെയാകെ പ്രത്യാക്രമണത്തിലൂടെ പ്രതിരോധിച്ച്, ജനക്ഷേമ വികസനം തുടരാൻ ഇടതുപക്ഷത്തിനായി നിലകൊണ്ടവരാകെ നിരാശയിലാണ്. നാലുമാസത്തിനകം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പോർക്കളത്തിൽ പാർട്ടിക്കിവരെ കർമനിരതരാക്കിയേ മതിയാകൂ.
ചെറിയ അടിയൊഴുക്കുകൾ പ്രതീക്ഷിച്ചെങ്കിലും മൂന്നാം ഇടതു സർക്കാർ സ്വപ്നം അസ്ഥാനത്താക്കുന്ന ജനവിധി സി.പി.എം പ്രതീക്ഷിച്ചിരുന്നില്ല. കോട്ടകൊത്തളങ്ങളടക്കം കുത്തിയൊലിച്ച് പോയതോടെ, പുറത്ത് പറയുന്നില്ലെങ്കിലും ഭരണ വിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയിലെ ജനരോഷവും നേതൃത്വം ഉൾക്കൊള്ളുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ ധ്രുതഗതിയിലുള്ള തിരുത്തലുകളാണ് ലക്ഷ്യമിടുന്നത്. തോൽക്കുമ്പോൾ പറയുന്ന പതിവ് പല്ലവിക്കപ്പുറം ജനങ്ങൾക്ക് ബോധ്യമാകുന്ന തിരുത്തലുകൾ വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. തിങ്കളാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്ന് ചേരുന്ന എൽ.ഡി.എഫ് യോഗവും പരാജയകാരണം വിശദമായി വിലയിരുത്തും.
മുൻകാലങ്ങളിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായ സംഘടനകളുമായി വിവിധ വിഷയങ്ങളിൽ പോരടിച്ചതിന്റെ പേരിൽ സി.പി.എമ്മിന് പല തെരഞ്ഞെടുപ്പിലും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഒന്നോ, രണ്ടോ ചെറുവിഭാഗമൊഴികെ സമുദായ സംഘടനകളുമായി പൊതുവിൽ സൗഹാർദനില തുടരുമ്പോൾ സംസ്ഥാന തലത്തിൽ പാർട്ടി നിലപാടുകളെ ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗങ്ങൾ വിശ്വസിക്കുന്നില്ലെന്നതാണിപ്പോഴത്തെ യാഥാർഥ്യം. സാഹചര്യത്തിനൊത്ത് സി.പി.എം വർഗീയ കാർഡിറക്കുന്നുവെന്നാണ് ഒട്ടുമിക്ക സംഘടനകളുടെയും പക്ഷം. പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ വടകരയിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻഷോട്ട്, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായ അയ്യപ്പ സംഗമം, ഭൂരിപക്ഷ സമുദായ സംഘടനകളെ മുമ്പില്ലാത്തവിധം ‘താലോലിക്കൽ’ അടക്കമുള്ളവ പാർട്ടിയുടെ വർഗീയ ധ്രുവീകരണ ശ്രമങ്ങളായാണ് വിലയിരുത്തുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിലെന്ന പോലെ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗം ഇടതുപക്ഷത്തു നിന്നകന്നെന്നും, ‘ഇടത് ഹിന്ദുത്വ’യെക്കുറിച്ച ആഖ്യാനങ്ങൾ ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കുന്നതിന് നമ്മുടെ വീഴ്ച നിമിത്തമായോ എന്നും ചോദിച്ച് കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് തന്നെ രംഗത്തുവന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ വിവാദങ്ങളെയും വിമർശനങ്ങളെയും അതിന്റേതായ ഗൗരവത്തിൽ ഉൾക്കൊള്ളുന്നതിനു പകരം എതിരാളികളെ വികസന വിരുദ്ധരാക്കുന്ന സി.പി.എം സമീപനവും തിരിച്ചടിയായി.
ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ എം.എൽ.എ എ. പത്മകുമാറിനെ പാർട്ടിയിൽനിന്ന് മാറ്റിനിർത്താതെയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ കേസ് ചർച്ചയാക്കുമ്പോൾ തന്നെ സമാന കേസുള്ള എം. മുകേഷ് എം.എൽ.എയെ പാർലമെന്ററി പാർട്ടിയിൽ നിന്നൊഴിവാക്കാതെ ന്യായീകരിച്ചതും ഭരണ വിരുദ്ധ വികാരത്തോടൊപ്പം ജനരോഷമായി ആളിക്കത്തിയെന്നും നേതൃത്വം വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.