കോണ്‍ഗ്രസ് ആക്രമണം പ്രതിരോധിക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ട് -ഗഗാറിന്‍

വയനാട്: കോണ്‍ഗ്രസ് ആക്രമണങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ടെന്നും ഇതിനാണ് ഇന്ന് വയനാട്ടിൽ പാർട്ടി മാർച്ച് നടത്തുന്നതെന്നും സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. യുഡിഎഫ് മാർച്ചിൽ അക്രമമുണ്ടായെന്ന് ആരോപിച്ച് കൽപ്പറ്റയിൽ ഇന്ന് സി.പി.എം നടത്തുന്ന പ്രതിഷേധ മാർച്ചിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹം.

'പൊലീസിനെയും മുഖ്യമന്ത്രിയെയും സർക്കാറിനെയും കോൺഗ്രസ് അധിക്ഷേപിക്കുന്നു. ഇതിനെ പ്രതിരോധിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ തങ്ങൾ എന്തോ തെറ്റ് ചെയ്തുവെന്ന് ആളുകൾ തെറ്റിദ്ധരിക്കും. ഞങ്ങൾ യാ​തൊരു തെറ്റും ചെയ്തിട്ടില്ല' -ഗഗാറിൻ പറഞ്ഞു.

എസ്.എഫ്.ഐയുടെ സമരരീതിയെ തള്ളുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. അറസ്റ്റിലായവരില്‍ പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഒന്നും ചെയ്തില്ല. ഇക്കാര്യത്തിൽ രാഹുൽ പരാജയമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ പിടിയിലായ എസ്.എഫ്.ഐ പ്രവർത്തകരുടെ എണ്ണം 30 ആയി. ജില്ലാ നേതാക്കളടക്കമുള്ള 19 പേരെ കോടതി റിമാൻഡ് ചെയ്തിരുന്നു. വീണാ ജോര്‍ജിന്റെ സ്റ്റാഫംഗം അവിഷിത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ വയനാട് ജില്ലാ കമ്മിറ്റിക്ക് സി.പി.എം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനമുയര്‍ന്നു. എസ്എഫ്ഐ സമരം പാർട്ടിയെ വെട്ടിലാക്കിയെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. എസ്എഫ്ഐ വയനാട് ജില്ലാ ഭാരവാഹികൾക്കെതിരായ നടപടി ചൊവ്വാഴ്ച ചേരുന്ന ജില്ലാ കമിറ്റി യോഗത്തിന് ശേഷം തീരുമാനിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.