നോക്കുകൂലിയുടെ പേരില്‍ ചെറുകിട സംരംഭകരെ ദ്രോഹിക്കുന്ന സംസ്‌കാരമാണ് സിപിഎമ്മിന്റെത്-കെ.സുധാകരന്‍

കോഴിക്കോട് : നോക്കുകൂലിയുടെ പേരില്‍ ചെറുകിട സംരംഭകരെ ദ്രോഹിക്കുന്ന സംസ്‌കാരമാണ് സി.പി.എമ്മിന്റെതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.കൊടിക്കുത്തി സംരംഭങ്ങള്‍ പൂട്ടിക്കുക എന്നതാണ് അവരുടെ പാരമ്പര്യം. അത് തിരുത്താന്‍ സി.പി.എം സംസ്ഥാന നേതൃത്വം നാളിതുവരെ തയ്യാറാകാത്തത് ദുഃഖകരമാണെന്നും വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് തണുപ്പിക്കാനുള്ള ചില ഗിമ്മിക്കുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

തലശേരി നഗരസഭയുടെ പിടിവാശികാരണം ഫര്‍ണീച്ചര്‍ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും സി.പി.എം നിയന്ത്രണത്തിലുള്ള നഗരസഭയുമാണ്.

നിസാരകാര്യങ്ങള്‍ക്ക് ലക്ഷങ്ങളുടെ പിഴ ഈടാക്കി തലശേരി നഗരസഭ ഇവരെ പീഡിപ്പിക്കുകയായിരുന്നു. നഗരസഭയുടെ പിഴത്തുകയുടെ പത്തുശതമാനം അടച്ച് സ്ഥാപനം പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും തലശേരി നഗരസഭ വഴങ്ങാതിരുന്നതാണ് ഇവര്‍ നാടുവിടാനുണ്ടായ സാഹചര്യം.

കേരളം നിക്ഷേപ സൗഹൃദമെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ വാദം പൊള്ളത്തരവും നാട്യവുമാണെന്ന് ബോധ്യപ്പെടുന്നതാണ് ഈ സംഭവം. സി.പി.എം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായപ്പോള്‍ കടതുറക്കാന്‍ അനുമതി നല്‍കി കൈയടി നേടാനാണ് ഇപ്പോള്‍ സര്‍ക്കാരും വ്യവസായ വകുപ്പും മന്ത്രിയും ശ്രമിക്കുന്നത്.

വന്‍കിടക്കാര്‍ക്ക് മാത്രം സഹായകരമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം. ചെറുകിട സംരംഭകരെ സൃഷ്ടിക്കേണ്ടതും അവരെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. പ്രദേശവാസികള്‍ക്ക് വ്യവസായം തുടങ്ങാനും നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനുമുള്ള അന്തരീക്ഷം ഒരുക്കിയിട്ട് വേണം സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായിട്ടാണ് മുന്നോട്ട് പോകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

വന്‍കിട സംരംഭകരെ പോലെ ചെറുകിടക്കാരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര സുസ്ഥിര വികസന കാഴ്ചപാടാണ് നടപ്പിലാക്കേണ്ടത്. നിക്ഷേപ സൗഹൃദമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കേണ്ടത് റാങ്കിംഗ് പട്ടികയിലെ ഏറ്റക്കുറച്ചില്‍ നോക്കിയല്ല, നമ്മുടെ സംരംഭകര്‍ക്ക് മികച്ച സൗകര്യവും പ്രവര്‍ത്തന അന്തരീക്ഷവും സൃഷ്ടിക്കുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്.

അതിനായി സങ്കുചിത മനോഭാവങ്ങളും പ്രതികാര നടപടികളും ഉപേക്ഷിക്കാന്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപ്രസ്ഥാനങ്ങള്‍ തയ്യാറാകണം. സമീപകാല സംഭവങ്ങള്‍ നിലവില്‍ അതിന് പറ്റിയ സാഹചര്യമല്ല കേരളത്തിലേതെന്ന് തെളിയിക്കുന്നതാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ഓഡിറ്റോറയിത്തിന് സി.പി.എം നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി ആന്തൂര്‍ സാജനും വര്‍ക്ക്‌ഷോപ്പില്‍ ഇടതുനേതാക്കള്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന പുനലൂര്‍ സുഗതനും രാഷ്ട്രീയ വിരോധത്തിന്റെ രക്തസാക്ഷികളാണ്.

ഇവരുടെ മരണങ്ങള്‍ക്ക് ഉത്തരവാദികളായ അധികാര ദുഷ്പ്രഭുത്വത്തിന്റെ വികലമായ മനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് തലശേരിയിലെ ദമ്പതികളായ വ്യവസായികള്‍ക്ക് നാടുവിടേണ്ട സാഹചര്യം. എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന സംസ്ഥാന സര്‍ക്കാരിന്റെ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം സി.പി.എം ആദ്യം സ്വന്തം ജനപ്രതിനിധികള്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - CPM has a culture of harming small entrepreneurs in the name of favoritism-K.Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.