കോഴിക്കോട്: ഛത്തീസ്ഗഢ് സ്വദേശി പാലക്കാട് ആൾകൂട്ടക്കൊലക്കിരയായ സംഭവം, നമ്മിൽനിന്നും വ്യത്യസ്തരായവരെ മനുഷ്യരായി പോലും കണക്കാക്കാത്ത വംശീയരാഷ്ട്രീയം നമ്മുടെ ഇടവഴികളുടെ കൂടെ ഭാഗമാണ് എന്ന് തിരിച്ചറിയേണ്ടുന്ന നിമിഷമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് തൗഫീഖ് മമ്പാട്. നാം പ്രചരിപ്പിക്കുന്ന ഓരോ വംശീയ ആരോപണങ്ങൾക്കെല്ലാം തന്നെ നമ്മുടെ തെരുവോരങ്ങളിൽ ജീവന്റെ വിലയാണ് എന്ന് നാം ഓർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശിയായ അതിർത്തി തൊഴിലാളി ആൾക്കൂട്ട ആക്രമണത്താൽ കൊല്ലപ്പെട്ടിരുന്നു. അനു,പ്രസാദ്, മുരളി,അനന്ദൻ,ബിപിൻ എന്നിവരാണ് കൊലപാതക കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട ആൾക്കൂട്ട വിചാരണക്ക് ശേഷമാണ് രാംനാരായൺ കൊല്ലപ്പെട്ടത്. അങ്ങേയറ്റം ക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെടുമ്പോൾ രണ്ട് ചോദ്യങ്ങൾ/ആരോപണങ്ങൾ ആണ് രാം നാരായണിന് നേരിടേണ്ടി വന്നത്, ഒന്ന് കള്ളൻ, മറ്റൊന്ന് ബംഗ്ലാദേശിയാണോ എന്ന ചോദ്യം.
നമ്മിൽ നിന്നും വ്യത്യസ്തരായവരെ, മനുഷ്യരായി പോലും കണക്കാക്കാത്ത വംശീയരാഷ്ട്രീയം നമ്മുടെ ഇടവഴികളുടെ കൂടെ ഭാഗമാണ് എന്ന് നാം തിരിച്ചറിയേണ്ടുന്ന നിമിഷമാണിത്. അതിന്റെ തെരുവ് ആൾക്കൂട്ടക്കൊലപാതകങ്ങളാണെങ്കിൽ, അതിന്റെ അധികാരം തിരുവനന്തപുരം കോപ്പറേഷൻ ആണ്. നാം പ്രചരിപ്പിക്കുന്ന ഓരോ വംശീയ ആരോപണങ്ങൾക്കെല്ലാം തന്നെ, നമ്മുടെ തെരുവോരങ്ങളിൽ ജീവന്റെ വിലയാണ് എന്ന് നാം ഓർമിക്കേണ്ടതുണ്ട്.
മധുവിനെ നാം ആരും തന്നെ മറക്കാനിടയില്ല. കേരളത്തിന്റെ രാഷ്ട്രീയ മതേതര പ്രബുദ്ധത ഉയർത്തിക്കാണിക്കുന്നവരുടെ മുമ്പിലുള്ള ഏറ്റവും വലിയ ചോദ്യ ചിഹ്നമായി മധു നിലനിൽക്കും എന്നത് ഉറപ്പാണ്.
മറ്റൊരു സംഗതി കൂടി നാം പ്രത്യേകം ആലോചിക്കേണ്ടതുണ്ട്, സംഭവം നടന്ന് ഒരു ദിവസത്തോളം പിന്നിട്ട ശേഷമാണ് ഈ വിഷയം മാധ്യമവാർത്തകളിൽ പോലും ഇടം പിടിക്കുന്നത്. നമ്മുടെ ഉയർന്ന രാഷ്ട്രീയ ബോധ്യം കാപട്യമാണ് എന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ, എത്ര വാർത്ത, മാധ്യമങ്ങളുടെ പ്രൈം ടൈം ഡിബേറ്റുകളിൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂസ് വാല്യൂ ഉണ്ടാക്കും എന്ന് നമുക്ക് കാത്തിരുന്നു കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.