കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിന് ചേർന്ന സി.പി.എം ജില്ല കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസവും വിമർശനങ്ങളേറ്റ് നേതൃത്വം. പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ ദയനീയ പരാജയം അന്വേഷിക്കാൻ കമീഷനെ നിയോഗിച്ചു. രണ്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടുന്ന കമീഷനാണ് അന്വേഷണച്ചുമതല. പാർട്ടിയോഗങ്ങളിൽ തുറന്നുപറയാൻ മടിച്ചിരുന്നവർ ഇപ്പോൾ മുന്നോട്ടുവന്ന് വിമർശനം ഉന്നയിച്ചതോടെ പല വിഷയങ്ങളിലും നേതൃത്വം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നു.
പി.ബി. അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ ജനവികാരം പ്രതിഫലിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ പിണറായിയുടെ ഭാഷയും ശൈലിയും പ്രയോഗരീതികളും ജനങ്ങളെ വെറുപ്പിച്ചുവെന്നും കമ്മിറ്റികളിൽ വിമർശനമുയർന്നു. അമിത ആത്മവിശ്വാസത്തിൽ പല മണ്ഡലങ്ങളും പാർട്ടി നേതൃത്വം വേണ്ടവിധം ശ്രദ്ധിച്ചില്ല. ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെ ഭാഗത്തുനിന്ന് വലിയരീതിയിലുള്ള ജാഗ്രതക്കുറവുണ്ടായി. പേരാവൂരിൽ കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതാക്കളാരും എത്തിയില്ല.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ പ്രചാരണത്തിന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനും സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനും ജില്ല സെക്രട്ടറി കെ.കെ. രാഗേഷും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. എന്നിട്ടും പരാജയപ്പെട്ടു. പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിക്കേറ്റ പരാജയം അപമാനകരമാണെന്ന് അംഗങ്ങൾ തുറന്നടിച്ചു. ജില്ല സെന്ററിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി. ക്ഷേമപ്രവർത്തനങ്ങൾ സർക്കാർ ഏറെ നടപ്പാക്കിയിട്ടും തോറ്റതിനു പിന്നിൽ വീഴ്ചയുണ്ട്. ജെൻസി തലമുറയെ മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും അംഗങ്ങൾ വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കും പാർട്ടിക്കും തിരിച്ചടിയുണ്ടായിട്ടും അത് മുന്നിൽക്കണ്ട് തെരഞ്ഞെടുപ്പ് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്നും അംഗങ്ങൾ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.