ആകാശ് തില്ല​ങ്കേരി (ഫയൽ ചിത്രം)

അവിഹിതാരോപണം, തെറി, ക്വട്ടേഷൻ: ‘തില്ല​ങ്കേരി പോരാട്ട’ത്തിൽ വിയർത്ത് ഡി.വൈ.എഫ്.ഐയും സി.പി.എമ്മും

കണ്ണൂർ: ഷു​​ഹൈബ് വധക്കേസിൽ പ്രതിയായ ആകാശ് തില്ല​ങ്കേരിയും സംഘവുമായി ​കൊമ്പുകോർത്ത് ഡി.വൈ.എഫ്.ഐയും സി.പി.എമ്മും വിയർക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുകൾക്ക് പുറമേ പ്രവർത്തകരുടെയും നേതാക്കളുടെയും അവിഹിത ബന്ധങ്ങളെകുറിച്ചും സ്വർണക്കടത്തുകാരിൽനിന്ന് പങ്കുപറ്റിയതിനെ കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് ഇരുവിഭാഗവും ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നത്. കൂടാതെ കൊച്ചുകുട്ടികളും പ്രായമായ മാതാപിതാക്കളും അടക്കമുള്ള കുടുംബാംഗങ്ങളെ കേട്ടാലറക്കുന്ന​ തെറി വിളിക്കുകയും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുകയും പരസ്യമായി വിഴുപ്പലക്കുകയും ചെയ്യുന്നുണ്ട്.

നേരത്തെ ആകാശിനെതിരെ കർശന നിലപാടെടുത്ത് രംഗത്തുവന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷാജർ, ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, ഇത് ഷാജറിനെ മനപൂർവം കുടുക്കാനും ‘കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറപ്പിക്കാനുമുള്ള’ ആകാശ് ഗ്രൂപ്പിന്റെ ആസൂത്രിത ശ്രമമാണെന്ന് പാർട്ടി പ്രവർത്തകയായ ശ്രീലക്ഷ്മി അനൂപ് ആരോപിച്ചിരുന്നു. ട്രോഫി സ്വീകരിച്ച ശേഷം ആകാശ് തില്ല​ങ്കേരിയും സംഘവും രഹസ്യ വാട്സാപ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെയും ഷാജറിനെ പരിഹസിച്ചുള്ള കുറിപ്പിന്റെയും സ്ക്രീൻ ഷോട്ടുകൾ തെളിവായി ശ്രീലക്ഷ്മി പുറത്തുവിട്ടു.


ട്രോഫി ചർച്ച മാധ്യമങ്ങളിൽ എത്തിച്ചത് ആകാശ് തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും കൂട്ടരുമാണെന്നാണ് ആരോപണം. മനപ്പൂർവം ഷാജറിനെ പെടുത്താനും മെമ്പർഷിപ്പ് അടക്കം തെറിപ്പിച്ചു പാർട്ടിയെ പൊതുമധ്യത്തിൽ കരി വാരി തേക്കാനും ഇവരൊരുക്കിയ ഗൂഢാലോചനയാണ് ഇതെന്നാണ് പറയുന്നത്. ‘സ്വർണകടത്തു സംഘങ്ങൾക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച ആളാണ് സഖാവ് ഷാജർ. അതുകൊണ്ട് തന്നെ ഷാജറിനെ മനപ്പൂർവം കുടുക്കാനായി തന്നെയാണ് കാവുംപടി ടീമിൽ കളിച്ച ആകാശ് തില്ലങ്കേരി വഞ്ഞേരി ടീമിന് വേണ്ടി മാനേജർ ചമഞ്ഞു ട്രോഫി വാങ്ങുന്നതും. ചർച്ചയുടെ സ്ക്രീന്ഷോട്ടിന്റെ സാമ്പിൾ വന്നതോടെ കൂടി, ഉണ്ടാക്കിയ കപട പ്രതിച്ഛായക്ക് കോട്ടം തട്ടുമോന്നുള്ള ഭയപ്പാടാണ് എന്റെ പോസ്റ്റിലുള്ള പൊലയാട്ട്. പാർട്ടി വിരുദ്ധരെ കൂട്ടുപിടിച്ച് സംഘടന വിരുദ്ധ പ്രവർത്തനം നടത്തുകയാണ് ആകാശ് തില്ലങ്കേരി ചെയ്യുന്നത്. അത്‌ പുറത്താവും എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് ഇയാൾ പുലയാട്ടും വ്യക്തിഹത്യയുമായി ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്നത്’ -ശ്രീലക്ഷ്മി ആരോപിക്കുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ആകാശും കൂട്ടരും പ്രതികരിക്കുന്നത്.

ആകാശ് തില്ലങ്കേരി അനുകൂലികളും സി.പി.എം പ്രാദേശിക നേതാക്കളും തമ്മിൽ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തുടരുന്ന വാക്കുതർക്കത്തിനിടെയാണ് പുതിയ ആരോപണ പ്രത്യാരോപണങ്ങൾ. ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ആകാശ് തില്ലങ്കേരിയെ തള്ളി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിനിട്ട കമന്‍റിലൂടെയാണ് പാർട്ടിക്കെതിരെ വിമർശനം ഉയർത്തിയത്. അതേസമയം, ആകാശ് തില്ലങ്കേരിയുടെ ആരോപണത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ നേതൃത്വത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ നേതാക്കളെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരിയും അനുകൂലികളും ശ്രമിക്കുന്നതെന്നും പുറത്ത് ഡി.വൈ.എഫ്.ഐ നേതാക്കളെന്ന തരത്തിലും അകത്ത് നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തരത്തിലുമാണ് ഇവരുടെ പ്രവർത്തനമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് പ്രതിഫലമെന്നാണ് ആകാശ് തില്ലങ്കേരിയുടെ ആരോപണം. കൂടാതെ സി.പി.എം അംഗങ്ങളായ സ്ത്രീകൾക്കും നേതാക്കൾക്കുമെതിരെ അവിഹിതം ഉൾപ്പെടെയുള്ള ആരോപണങ്ങളും ആകാശ് പുറത്തുവിട്ടു. ഒടുവിൽ ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ഗുരുതര ആരോപണം ഉയർത്തിയത്.

എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നതെന്നും ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഡി.വൈ.എഫ്​.ഐ രംഗത്തുവന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ആകാശിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - CPM, DYFI and akash thillankery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.