അവതാരങ്ങൾ അകത്ത് കയറി സ്വാധീനിച്ചോ: പ്രസ്താവനയിൽ വിശദീകരണവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: അവതാരങ്ങൾ അകത്ത് കയറി സ്വാധീനിച്ചോയെന്ന പ്രസ്താവനയിൽ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോൾ പറയേണ്ട വാക്കുകളാണിത്. മുന്നറിയിപ്പ് പ്രാവർത്തികമാക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന പരിശോധന വേണമെന്നാണ് പറഞ്ഞതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിണറായിയുടെ വാക്കുകളെ ഞങ്ങൾ മാനിക്കുന്നു. അവതാരം എന്നത് ആർക്കെല്ലാം ചേരുമോ അവർക്കെല്ലാം അണിയാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം, തൃശൂരിൽ നടന്ന ഇ.എം.എസ് സ്മൃതിയിൽ എം.എ. ബേബിയുടെ സാന്നിധ്യത്തിൽ ബിനോയ് വിശ്വം നടത്തിയ പ്രസംഗമാണ് വിവാദമായത്. നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു പ്രസംഗം. ഈ അവതാരങ്ങളെ അകറ്റിയേ തീരൂ. താൽക്കാലിക ലാഭത്തിനായി വരുന്നവർ ബന്ധുക്കളല്ല. അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം.

യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതെ വരുന്നത് ഗൗരവതരമാണ്. സി.പി.എമ്മും സി.പി.ഐയും പരസ്പരം പടവെട്ടിയപ്പോൾ, ശത്രുക്കൾ വളർന്നു, അവർ കോട്ടകൾ കീഴടക്കി. അത് കേരളം വരെ എത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ സൂക്ഷിക്കണമെന്ന് പറഞ്ഞ അവതാരങ്ങൾ അകത്ത് കയറി സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. ഇത്തരം അവതാരങ്ങളെ അകറ്റി നിർത്തണം. താൽക്കാലിക ലാഭത്തിനായി വരുന്നവർ അല്ല ബന്ധുക്കൾ. അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ നമ്മളെ ബന്ധുക്കളായി കണ്ടിരുന്നു. എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ളതാണ്.

ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാൻ കാരണം അന്വേഷിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശൂരിൽ നടന്ന ഇ.എം.എസ് സ്മൃതിയിലാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം. സി.പി.ഐയും സി.പി.എമ്മും പരസ്പരം പടവെട്ടിയപ്പോൾ ശത്രുക്കൾ വളർന്നുവെന്നും അവർ കോട്ടകൾ കീഴടക്കി കേരളം വരെ എത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. പുതുതലമുറയെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമാക്കാൻ കഴിയാത്തതിൽ എസ്.എഫ്.ഐയെയും എ.ഐ.എസ്.എഫിനെയും ബിനോയ് വിശ്വം വിമർശിച്ചു.

പുതിയ തലമുറയിലേക്ക് നമ്മൾ പറയുന്ന കനപ്പെട്ട കാര്യങ്ങൾ എത്തുന്നില്ല. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും എവിടെയാണ്. യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതെ വരുന്നത് ഗൗരവതരമായ കാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags:    
News Summary - Did avatars infiltrate and influence us?: CPI state secretary Binoy Vishwam clarifies in statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.