കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി സര്‍വിസായ സിയാല്‍ എയ്സസിന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രകാശനം ചെയ്യുന്നു. മന്ത്രി റോജി എം. ജോണ്‍, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ സമീപം
കൊച്ചി വിമാനത്താവളം വരുമാനം 1,220 കോടി, ലാഭം 502 കോടി; ഓഹരിഉടമകള്‍ക്ക് 55% ലാഭവിഹിതം
കൊച്ചി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 1,220 കോടി രൂപ വരുമാനവും 502 കോടി ലാഭവും നേടി സിയാല്‍ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്). ഇക്കാലയളവരിൽ 73,134 വിമാന സര്‍വിസുകളും 1.14 കോടി യാത്രക്കാരും സിയാല്‍ കൈകാര്യം ചെയ്തു.
കൊച്ചി വിമാനത്താവളത്തിന്റെ അനുഭവസമ്പത്ത് പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. സിയാലിന്റെ 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഹരിഉടമകള്‍ക്ക് 55 ശതമാനം ലാഭവിഹിതം നല്‍കുന്നതിനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശക്ക് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി.
സിയാലിന്റെ പുതിയ പദ്ധതിയായ സിയാല്‍ ഏയ്സസ് (ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ആൻഡ് എക്സ്പര്‍ട്ട് സര്‍വിസസ്), പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ബ്രിഡ്ജ് മൗണ്ട് എക്യൂപെന്‍സ് സര്‍വിസ് എന്നിവ മുഖ്യമന്ത്രി ഉദ്ഘടാനം ചെയ്തു. എല്ലാ വിമാനങ്ങള്‍ക്കും സൗജന്യമായി ഈ സേവനം ലഭ്യമാക്കാനാകുമെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സൗജന്യ സേവനം നടപ്പിലാക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.
വിമാനത്താവള നിര്‍മാണ ആസൂത്രണം, റണ്‍വേ വികസനം, കാര്‍ഗോ, ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, കമേഴ്സ്യല്‍ മേഖലകളില്‍ സിയാല്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കും. ഇതിനായി സിയാല്‍ ഏയ്സസ് എന്ന വിഭാഗത്തിന് രൂപംനല്‍കി. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ വെരിഫിക്കേഷന്‍ സംവിധാനം ആദ്യ പദ്ധതിയായി നടപ്പിലാക്കും.
വിമാനത്താവളത്തെ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് ഹബ്ബായി വികസിപ്പിക്കുക, വിമാനത്താവളവുമായി അനുബന്ധപ്പെടുത്തി ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുക, വരുമാന സാധ്യതകള്‍ വിപുലീകരിക്കുക, നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മികച്ച യാത്രാനുഭവം നല്‍കുക എന്നീ പദ്ധതികള്‍ക്കും തുടക്കമിടും.
മന്ത്രിയും സിയാല്‍ ഡയറക്ടറുമായ റോജി എം. ജോണ്‍, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ്, കമ്പനി സെക്രട്ടറി കെ. രാജീവ് സി.എഫ്.ഒ സജി ഡാനിയേല്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.