മുഖ്യമന്ത്രിക്ക് ചാർട്ടേഡ് ഫ്ലൈറ്റ് സ്‌പോണ്‍സർ ചെയ്ത അജ്ഞാതന്റെ ചിത്രം വരക്കുന്ന ചിന്ത ജെറോം

മുഖ്യമ​ന്ത്രിയുടെ സ്പോൺസറുടെ ചിത്രം വരച്ച് ചിന്ത ജെറോം; എമർജൻസി ലൈറ്റും മെഴുകുതിരിയും സമ്മാനം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ചാർട്ടേഡ് ഫ്ലൈറ്റ് സ്‌പോണ്‍സർ ചെയ്ത അജ്ഞാതന്റെ മുഖം വരച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ​ജെറോം. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മുഖ്യമന്ത്രിയുടെ അജ്ഞാത സുഹൃത്തിന്റെ മുഖം വരക്കൂ സമ്മാനം നേടൂ’ പരിപാടിയിലാണ് ചിന്ത പടം വരച്ചത്. സെക്രട്ടേറിയറ്റിന് സമീപമായിരുന്നു പ്രതിഷേധ ചിത്രരചന മത്സരം.

പവർകട്ടി​നെ പരിഹസിച്ച് ഒന്നാം സമ്മാനമായി എമർജൻസി ​ലൈറ്റും പ്രോത്സാഹന സമ്മാനമായി പടംവരച്ച എല്ലാവർക്കും മെഴുകുതിരിയുമാണ് നൽകിയത്. ‘ആരാണ് മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസർ? ചിത്രം വരക്കൂ സമ്മാനം നേടൂ. മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ ചിത്രം വരക്കുന്നവർക്ക് ഡിവൈഎഫ്ഐ നൽകുന്നു ഈ കാലഘട്ടത്തിന്റെ ഏറ്റവും മനോഹരമായ സമ്മാനമായ എമർജൻസി ലാംപ്. ചിത്രം വരയ്ക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മെഴുകുതിരി സ്പോൺസർ ചെയ്യുന്നു. കേരളം തേടുന്ന അജ്ഞാത സ്പോൺസറുടെ ചിത്രം വരക്കുന്നവർക്ക് സമ്മാനം നേടാം’ -സംഘാടകർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയു​ടെ സ്പോൺസർ ആര് എന്ന് കഴിഞ്ഞ രണ്ടു ദിവസമായി കേരളം ഒന്നടങ്കം ഉറ്റുനോക്കുകയാണെന്ന് ചിന്ത ​​ജെറോം പറഞ്ഞു. അതിനുശേഷം മാധ്യമങ്ങളെ കണ്ടിട്ടും അതാരാണെന്ന് പറയാൻ മുഖ്യമന്ത്രി താല്പര്യം കാണിക്കുന്നില്ല. ആ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ല. ഞാൻ ഇനിയും ഇങ്ങനെ സൗജന്യ യാത്ര നടത്തുമെന്ന് വെല്ലുവിളിക്കുകയാണ്.

പ്രത്യേകിച്ച് ഒരു പ്രത്യുപകാരവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ആ സ്പോൺസറുടെ പേര് വെളിപ്പെടുത്തൂ. എങ്കിൽ വളരെ സുതാര്യമായാണ് ഗവൺമെന്റിന്റെ കാര്യങ്ങൾ നടക്കുന്നത് എന്ന് ജനങ്ങൾക്ക് ബോധ്യമാകും. പക്ഷേ, സുതാര്യമായാണ് കാര്യങ്ങൾ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് അത്തരം ദുരൂഹമായ സ്ഥിതി ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

ഒരു ചോദ്യം സമൂഹത്തിൽ ഉയർന്നാൽ അതിന് മറുപടി പറയാൻ ബാധ്യസ്ഥരല്ലേ.സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്നതുകൊണ്ട് അത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പൊതുപ്രവർത്തകർക്ക് ബാധ്യതയുണ്ട്. മുഖ്യമന്ത്രികും മന്ത്രിമാർക്കും ആ ഉത്തരവാദിത്വം വർധിക്കും. ധാർമികമായി ഇത്തരം ചോദ്യങ്ങൾക്ക് അവർ മറുപടി പറയണം.

പൂക്കി ഇമേജുള്ള മുഖ്യമന്ത്രിയുടെ യഥാർത്ഥ ധാഷ്ട്യം പുറത്തുവരികയാണ്. അദ്ദേഹം മുഖ്യമന്ത്രിയായ സമയത്ത് വലിയ പിആർ വർക്ക് ഒക്കെ ചെയ്ത് ചില നിലയിലുള്ള പ്രചരണങ്ങൾ അഴിച്ചുവിട്ടു. ഞാൻ ജനങ്ങൾക്കൊപ്പമാണ്, വായനയിൽ മുഴുകിയിരിക്കുന്ന ആളാണ്, പുസ്തകങ്ങൾ വായിക്കുന്ന വളരെ ആർദ്രമായ ഹൃദയമുള്ള ആളാണ് ഇങ്ങനെയൊക്കെ വലിയ പ്രചരണങ്ങൾ കനഗോലു പിആർ ടീമിന്റെ ഭാഗമായി യുഡിഎഫിനും മുഖ്യമന്ത്രിക്കും വേണ്ടി അഴിച്ചുവിട്ടു. അതിനുവേണ്ടി പ്രതിപക്ഷത്തെയും ആക്ഷേപിച്ചു.

അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെ ഏതെല്ലാം നിലയിലുള്ള അധിക്ഷേപങ്ങളാണ് വാരിയെറിഞ്ഞത്. അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ എങ്ങനെയെല്ലാം വളച്ചൊടിച്ചു. അധികകാലം ആർക്കും ഫേക്ക് ഇമേജ് ​കൊണ്ടുനടക്കാനാവില്ല എന്നതാണ് ഇന്നലത്തെ വി.ഡി. സതീശിന്റെ വാർത്താ സമ്മേളനം കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നിയത്.

വാഹന മോഡിഫിക്കേഷനിൽ അദ്ദേഹത്തിൻറെ ഒരു പ്രതികരണം കണ്ടിട്ട് ജെൻസി തലമുറയോട് സംവദിക്കാൻ കഴിയുന്ന ആളാണ് അദ്ദേഹം എന്ന വലിയ തോതിലുള്ള പ്രചരണം ഇവിടെ നടന്നിരുന്നു. പക്ഷേ ഇപ്പോൾ ആ ആറ്റിറ്റ്യൂഡ് അല്ലല്ലോ നമ്മൾ കാണുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ​പെരുമാറ്റം അങ്ങേയറ്റം ധാഷ്ട്യവും ധിക്കാരവുമാണ്.

ജനങ്ങളുടെ മുഖത്തു നോക്കി ആഞ്ഞടിക്കുന്നത് പോലെ പറയുകയാണ് ഈ സ്പോൺസർ ആരെന്ന് പറയില്ല എന്ന്. ചിപ്സൺ ഏവിയേഷൻ ലിമിറ്റഡാണ് 19 ലക്ഷം ചലവഴിച്ച് ​സ്​പോസർ ചെയ്തത്. അവരുടെ ഒരു ഫയൽ ഇപ്പോൾ സർക്കാരിന്റെ പരിഗണനയിൽ ഉള്ളതാണ്. തിരിച്ച് അവർക്ക് പല നേട്ടങ്ങളും നേടികൊടുക്കാൻ ഈ സൗജന്യ യാത്ര മൂലം കമിറ്റ്മെന്റ് ഉണ്ടാക്കുകയാണ്

റേഞ്ച് റോവറിൽ യാത്ര ചെയ്ത മന്ത്രിക്ക് നേരത്തെ കമ്മിറ്റ്മെന്റ് ഉണ്ടായി. സുഹൃത്തിന്റെ റേഞ്ച് റോവറിൽ മാത്രമല്ല മറ്റു പല സുഹൃത്തുക്കളുടെയും കാറിൽ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട് എന്ന് വാർത്ത വരികയാണ്. ഇങ്ങനെ സൗജന്യം വാങ്ങുന്ന സ്റ്റീഫൻ നെടുമ്പള്ളി ആകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ ഇന്ന് കേരളം പറയുന്നത് വില്ലനായ ബോബിയായി മാറിയിരിക്കുകയാണ് അദ്ദേഹം എന്നാണ്.

ലൂസിഫറിലെ ബോബി എന്ന ക്യാരക്ടറിനെ പോലെ കേരളത്തെ ആകെ വിറ്റുമുടിക്കാനാണോ യുഡിഎഫ് ഗവൺമെന്റ് ആഗ്രഹിക്കുന്നത്? അധികാരത്തിൽ എത്തുന്ന സമയത്ത് നരേന്ദ്രമോദി അദാനിയുടെ ഫ്ലൈറ്റിൽ വന്നു എന്നാണ് അന്ന് നമ്മൾ കണ്ടത്. അധികാരത്തിൽ മൂന്ന് മാസം കഴിയുമ്പോൾ സ്പോൺസറുടെ ചാർട്ടേഡ് വിമാനത്തിനത്തിൽ യാത്ര ചെയ്യുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ.

ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. മൂന്നു മാസത്തിനിടയിൽ ഒരുപാട് വിവാദങ്ങൾ കേരളത്തിൽ ഉണ്ടായി.

ഒരുപാട് ജീവിത പ്രശ്നങ്ങൾ ഉണ്ടായി. കറന്റ് ഇല്ല, ആശുപത്രികളിൽ ഓപറേഷൻ നടത്താൻ കഴിയുന്നില്ല, പ്രിയദർശിനി ബസിൽ കയറിയവരെ ഗതാഗത മന്ത്രി പരിഹസിക്കുന്നു, കുട്ടനാട്ടിലെ ജനങ്ങൾക്ക് മഴക്കെടുതിയിൽ വാഗ്ദാനം ചെയ്ത തുക നൽകുന്നില്ല, വയനാട്ടിലെ കുടുംബങ്ങളുടെ അവസ്ഥയും ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥയും എല്ലാം പുറത്തുവന്നു, അഴിമതിയെ വെള്ളപൂശുന്നു... ഖജനാവിന് ചിലവില്ലല്ലോ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാളെ ഇതുപറഞ്ഞ് ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥരും ഇതേ സമീപനം സ്വീകരിച്ചാൽ എന്താകും സ്ഥിതി? സ്പോൺസർമാരെ കൊണ്ട് ഭരണം മുന്നോട്ടു കൊണ്ടുപോകുന്ന ഗവൺമെന്റിനെ കണ്ട് ബ്യൂറോക്രസിയും സ്പോൺസർമാരെ സമീപിക്കാൻ ശ്രമിച്ചാൽ എന്താകും ഈ കേരളത്തിൻറെ സ്ഥിതി?. മഞ്ഞുമലയുടെ താഴോട്ട് ഒരുപാട് അഴിമതികൾ ഇനിയും പുറത്തുവരാനുണ്ട്. മുഴുവൻ ജനങ്ങളെയും അണിനിരത്തി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകും’ -ചിന്ത ​ജെറോം പറഞ്ഞു. 

Tags:    
News Summary - Chintha Jerome draws CM's unknown sponsor; gifts emergency light and candle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.