‘പിണറായി വിമാനത്തിലും ഹെലികോപ്ടറിലും പോയത് പരസ്യമായ കാര്യം; മുഖ്യമ​ന്ത്രി സത്യസന്ധതയും വിശാലതയും മാന്യതയും കാണിക്കേണ്ടേ?’; വി.ഡി. സതീശ​നെതിരെ ഇ.പി. ജയരാജൻ

കണ്ണൂർ: പിണറായി വിജയൻ വിമാനത്തിലും ഹെലികോപ്റ്ററിലും പോയിട്ടുണ്ടെന്നും അതെല്ലാം പരസ്യമായ കാര്യമാണെന്നും സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ഏത് കമ്പനിയുടെ വിമാനത്തിൽ, ഏതു കാര്യത്തിന് പോകുന്നു എന്നതെല്ലാം പരസ്യമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി ഇത് എന്തെങ്കിലും വെളിപ്പെടുത്തുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

രഹസ്യമായിട്ട് എന്തൊക്കെയോ നടക്കുന്നു എന്ന തോന്നലല്ലേ വി.ഡി. സതീശൻ ഉണ്ടാക്കിയിട്ടുള്ളത്. ഇതുവരെ പോയ വിമാനം, ഹെലികോപ്റ്റർ എന്നിവയെ കുറിച്ചോ ആരുടേതാണെന്നോ പറഞ്ഞോ.

മുഖ്യമന്ത്രി ആരുടെയും സൗജന്യം സ്വീകരിക്കാൻ പാടില്ല. ഇതെല്ലാം ഗൂഢമായി നടത്തേണ്ട കാര്യമാണോ. ഗൂഢ പ്രവർത്തനത്തിന്റെ കേന്ദ്രമാണോ കേരളത്തിലെ യുഡിഎഫ് ഗവൺമെന്റ്. കേരളം തകർച്ചയിലേക്കാണ് പോകുന്നത്. ഉദ്യോഗസ്ഥരിൽ വലിയ തരത്തിൽ ജനവിരുദ്ധ വികാരങ്ങളാണ് ഉണ്ടാക്കുന്നത്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തും.

വളരെ മെച്ചപ്പെട്ട നിലയിൽ വന്ന സംസ്ഥാനമായിരുന്നു. അതിനെ നശിപ്പിക്കുകയാണിവർ. സർക്കാറിനും മന്ത്രിമാർക്കും സ്​പോൺസർ ചെയ്യുന്നവർക്ക് പ്രത്യുപകാരം ചെയ്യുന്നില്ല എന്നൊന്നും ആർക്കും വിശ്വസിക്കാൻ പറ്റുന്നതല്ല.

ഗവൺമെന്റ് ഇങ്ങനെയുള്ള നിലപാട് സ്വീകരിക്കാൻ പാടില്ല. പ്രത്യുപകാരം ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ, മന്ത്രിമാരു​ടെ യാത്ര സംസ്ഥാന സർക്കാർ നിർവഹിക്കേണ്ടതല്ലേ. അവർക്ക് വിദേശയാത്രകൾ ആവശ്യമാണെങ്കിൽ സംസ്ഥാനമാണ് ചിലവ് വഹിക്കേണ്ടത്.

ഇതെന്തിനാണ് സ്വകാര്യമായി വെച്ചുപുലർത്തുന്നത്. ഇവരിങ്ങനെ സ്വകാര്യ വിമാനയാത്രയും ഹെലികോപ്റ്റർ യാത്രയും നടത്തുന്നത് കേരളത്തിന്റെ ഖജനാനാവ് കാത്തുസൂക്ഷിക്കാനാണോ? എത്ര പരിഹാസ്യമായ വാദഗതികളാണ് ഉന്നയിക്കുന്നത്. നമ്മുടെ നാടിൻറെ പൊതുബോധത്തെയും സാമൂഹ്യബോധത്തെയും പരിഹസിക്കലല്ലേ.

പത്രക്കാർ ചോദിക്കുമ്പോൾ പത്രക്കാരെ പരിഹസിക്കുകയാണ്. ഇതെല്ലാം നല്ല ശീലമാണോ? അദ്ദേഹം അടിയന്തരമായി ഇത്തരം നിലപാട് തിരുത്തണം. അതാണ് ഞങ്ങൾക്ക് പറയാനുള്ളത്.

വി.ഡി. സതീശൻ ഇപ്പോൾ മുഖ്യമന്ത്രിയാണെന്ന് മനസ്സിലാക്കണം. അദ്ദേഹം പോയത് ഇന്നതിലാണെന്ന് പറഞ്ഞാൽ ആർക്കാണ് പരാതി ഉണ്ടാകുക. ആരെങ്കിലും പരാതി പറയുമോ? എന്തിനാണ് പോകുന്നത്, ആരുടേതാണ് ഫ്ലൈറ്റ് എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം.

മലപ്പുറത്ത് അപകടം സംഭവിച്ചിടത്ത് മുഖ്യമന്ത്രി പോകണം. പെട്ടെന്ന് അവിടെ എത്തിച്ചേരാൻ ഹെലികോപ്ടറോ ചാർട്ടേഡ് ഫ്ലൈറ്റോ ഉപയോഗിക്കേണ്ടി വന്നേക്കാം. അതിന് ആരെങ്കിലും പറയുമോ. അതെന്തിനാ രഹസ്യമായി സൂക്ഷിക്കുന്നത്. സത്യസന്ധതയും വിശാലതയും മാന്യതയും കാണിക്കേണ്ടതല്ലേ. അതാണോ ഇവിടെ കാണിക്കുന്നത്. നിഗുഢത ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. അതുകൊണ്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തികച്ചും അപലനീയമാണ് -ഇ.പി. ജയരാജൻ പറഞ്ഞു. 

Tags:    
News Summary - EP Jayarajan slams VD Satheesan over Sponser travel row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.