കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മുന്നിൽ എൽ.എസ്. കവിതയും വീട്ടുകാരും പ്രതിഷേധിക്കുന്നു

'ഒരു രൂപയും വേണ്ട, ഭൂമി പോകുന്നതിൽ സന്തോഷം'; കുടിയിറക്കപ്പെടുന്നവ​രെ കാണാനെത്തിയ വി. മുരളീധരന് സി.പി.എം കൗൺസിലറുടെ മറുപടി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന മേഖലകളിലെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ സി.പി.എം കൗൺസിലറുടെ വീട്ടുകാരുടെ പ്രതിഷേധം. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്ത് 'പ്രതിരോധ യാത്ര'യുമായെത്തിയപ്പോഴാണ് സി.പി.എം കൗൺസിലർ എൽ.എസ്. കവിതയും വീട്ടുകാരും പ്രതിഷേധമുയർത്തിയത്. തങ്ങൾ ഭൂമി വിട്ടുകൊടുക്കുമെന്ന് അറിയിക്കുകയും പിണറായി വിജയൻ സിന്ദാബാദെന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു അവർ.

'ഞങ്ങൾക്ക് ഒരു രൂപയും വേണ്ട. വികസന പദ്ധതിക്ക് ഭൂമി നൽകാൻ തീരുമാനിച്ചു. ഞങ്ങൾ സർക്കാറിനോടൊപ്പമാണ്. ഞങ്ങളുടെ സ്ഥലം നാളത്തെ തലമുറക്ക് വേണ്ടി നൽകും. ആരുടെ കൂട്ടും വേണ്ടാതെ എനിക്ക് ഒന്നര മണിക്കൂർ കൊണ്ട് ഗുരുവായൂരപ്പനെ കാണാൻ പോകണം. ഭൂമി പോകുന്നതിൽ സന്തോഷമേയുള്ളൂ. കാരണം നാളത്തെ തലമുറക്ക് വേണ്ടിയാണ് ഈ വികസനം. നിങ്ങൾ എതിർത്താലും ഞങ്ങൾ നടപ്പാക്കും. ജീവൻ പോയാലും നടപ്പാക്കും. രണ്ട് പെൺമക്കളുള്ള അമ്മയാണ് ഇത് പറയുന്നത്' -കവിത വി. മുരളീധരനോട് പറഞ്ഞു.

അതേസമയം, സി.പി.എം കൗൺസിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്നും മറ്റാരും നൽകുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 'കൗൺസിലറുടെ കുടുംബത്തിന് അങ്ങനെയല്ലാതെ പറയാനാകില്ല.

സിൽവർ ലൈൻ പദ്ധതിയോടുള്ള ജനങ്ങളുടെ വികാരം മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കണം. ബഫർ സോണിലുള്ളവർ എന്ത് ചെയ്യണമെന്ന് സർക്കാറാണ് വ്യക്തമാക്കേണ്ടത്' -വി. മുരളീധരൻ പറഞ്ഞു.

ശീതീകരിച്ച മുറിയിലിരിക്കുന്നവർ ഭൂമി നഷ്ടപ്പെടുന്നവരുമായി സംസാരിക്കണമെന്നും ഇടുന്ന കല്ല് അലൈൻമെന്റിന്റെ പേരിൽ മാറ്റിയാൽ ഇപ്പോൾ വായ്പ നിഷേധിക്കുന്നവർ എന്ത് ചെയ്യുമന്നും അദ്ദേഹം ചോദിച്ചു. കെ-റെയിൽ കല്ലിട്ടതിന്റെ പേരിലാണ് രാധാമണിക്ക് ബാങ്ക് വായ്പ നിഷേധിച്ചത്. ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനയാണ് കെ-റെയിൽ വിഷയത്തിൽ സർക്കാർ വൃത്തങ്ങൾ നടത്തുന്നതെന്നും പാർട്ടി കോൺഗ്രസിൽ വിഷയം സി.പി.എം ചർച്ച ചെയ്യട്ടെയെന്നും മന്ത്രി പറഞ്ഞു.


Full View


Tags:    
News Summary - CPM councilor's reply to v Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.