ജനങ്ങളെയും മാധ്യമങ്ങളെയും ശത്രുപക്ഷത്ത് നിർത്തി; സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ശനിയാഴ്ചയും സംസ്ഥാന ഘടകത്തിന് കടുത്ത വിമർശനം. മാധ്യമങ്ങളെ പാർട്ടി ശത്രുപക്ഷത്ത് നിർത്തിയത് ശരിയായില്ലെന്ന് യോഗത്തിൽ സംസാരിച്ച അംഗങ്ങൾ ചൂണ്ടിക്കാട്ടി. വൈരാഗ്യബുദ്ധിയോടെ പെരുമാറിയത് ജനങ്ങളെയും മാധ്യമങ്ങളെയും പാർട്ടിയിൽ നിന്നും അകറ്റി. പാർട്ടിയുടെ സമൂഹ മാധ്യമ വിഭാഗം തികഞ്ഞ പരാജയമായിരുന്നു.

യു.ഡി.എഫ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ അടക്കം അവർക്ക് ഗുരുതര പാളിച്ചകൾ സംഭവിച്ചു. ഇത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയെന്നും അംഗങ്ങൾ വിമർശിച്ചു. തോൽവിയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ പിണറായി വിജയനിൽ കെട്ടിവെക്കാൻ ശ്രമം ഉണ്ടാകുന്നതായും അദ്ദേഹത്തെ ആക്രമിക്കാൻ വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന, ജില്ല നേതൃയോഗങ്ങളില്‍ ഉണ്ടായ വിമര്‍ശനങ്ങളാണ് കേന്ദ്ര കമ്മിറ്റിയിലും ഉയർന്നത്. പാര്‍ട്ടി കോട്ടകളില്‍ പാര്‍ട്ടി അണികള്‍ വോട്ട് മറിക്കാതെ വിമതര്‍ ജയിക്കില്ലെന്നും അത് നേതാക്കള്‍ക്കുള്ള അണികളുടെ തിരുത്താണെന്നും വെള്ളിയാഴ്ച നടന്ന ചർച്ചയിൽ പ്രതിനിധികള്‍ ഓർമിപ്പിച്ചിരുന്നു. ആ ചുവരെഴുത്ത് കാണാതെ പോകരുത്.

പാഠം ഉൾക്കൊള്ളണം. ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് അകന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. ചര്‍ച്ചകളില്‍ പങ്കെടുത്ത കേരളത്തിന് അകത്തും പുറത്തുമുള്ള അംഗങ്ങള്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരം അല്ലെന്നാണ് കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന ഘടകം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. തോല്‍വിക്ക് കൂട്ടുത്തരവാദിത്തം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വെള്ളി,ശനി ദിവസങ്ങളിലായി 60 ഓളം അംഗങ്ങൾ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. ചർച്ചകൾക്ക് മറുപടി തയാറാക്കാനുള്ള യോഗവും ശനിയാഴ്ച ചേർന്നു. ഞായറാഴ്ചയാണ് കേന്ദ്ര കമ്മിറ്റി അവസാനിക്കുക.

Tags:    
News Summary - Criticism of CPM Central Committee: People and media put on the enemy side

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.