കേരളത്തിൽ 18 മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പി ഡീലെന്ന് പ്രേമചന്ദ്രൻ എം.പി

പുനലൂർ: സംസ്ഥാനത്തെ 18 മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പി ഡീൽ നടന്നതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പുനലൂരിലെ യു.ഡി.എഫ് സ്ഥാനാർഥി നൗഷാദ് യൂനുസിന്റെ പര്യടന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എം.പി. കഴിഞ്ഞ നവംബർ 19ന് ഡൽഹിയിൽ കേന്ദ്ര മന്ത്രി അമിത്​ ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഡീൽ നടത്തിയതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.

അപ്രഖ്യാപിതവും അലിഖിതവും അവിശുദ്ധവുമായ കൂട്ടുകെട്ടാണ് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത്. ട്വൻറി20 പോലെയുള്ള ഘടകകക്ഷികൾക്ക് 19 സീറ്റ് നൽകി. മറ്റ് ഘടകകക്ഷികൾക്കും കൂടുതൽ സീറ്റുകൾ നൽകി ശക്തരായ ബി.ജെ.പി സ്ഥാനാർഥികളെ ഒഴിവാക്കി സി.പി.എമ്മിന് സാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്തിയും തിരിച്ചും വോട്ടിന്റെ കൊടുക്കൽ വാങ്ങൽ രാഷ്ട്രീയമാണ് നടപ്പാക്കാൻ പോകുന്നത്.

ബി.ജെ.പിയെ പ്രീണിപ്പിച്ചും മുസ്‌ലിംവിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിച്ചും തീവ്ര വലതുപക്ഷ നയങ്ങൾ നടപ്പാക്കിയും തുടഭരണത്തിന് ശ്രമിക്കുന്ന പിണറായി സർക്കാറിനെ താഴെയിറക്കും. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് അധികാരത്തിൽ വരും. സി.പി.എമ്മിന്റെ പിൻവാതിൽ നിയമനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു പുതുതലമുറയുടെ ജീവിത സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ പി.എസ്.സിയിൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് മേധാവികൾക്ക് ജയിൽ ശിക്ഷ നൽകുന്ന തരത്തിലുള്ള നിയമനിർമാണം യു.ഡിഎഫ് അധികാരത്തിൽ എത്തിയാൽ നടത്തും.

കുത്തഴിഞ്ഞ സമ്പദ്‍വ്യവസ്ഥ മൂലമുണ്ടായ പ്രശ്നങ്ങൾ യു.ഡി.എഫ് പരിഹരിക്കും. പുനലൂർ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് ശക്തമായി കഴിഞ്ഞുവെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഒറ്റക്കെട്ടായി പോകുന്നതിനുള്ള സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി നൗഷാദ് യൂനുസും യു.ഡി.എഫ് നേതാക്കളും സംബന്ധിച്ചു.

Tags:    
News Summary - CPM-BJP deal in 18 constituencies in Kerala, says Premachandran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.