വി. ശിവൻകുട്ടി

ബി.ജെ.പിയിൽ നിന്ന് ചിലർ പണം വാങ്ങി ശിവൻകുട്ടിയെ തോൽപിച്ചു; ആരോപണവുമായി സി.പി.എം ഏരിയ കമ്മിറ്റി

തിരുവനന്തപുരം: മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേമത്ത് പരാജയപ്പെട്ടതിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി സി.പി.എം ഏരിയ കമ്മിറ്റി. സി.പി.എം നേതാക്കൾ ബി.ജെ.പിയിൽ നിന്നും പണം വാങ്ങി ശിവൻകുട്ടിയെ തോൽപിച്ചെന്നും ഇതിന് തെളിവുണ്ടെന്നും പാർട്ടി യോഗങ്ങളിൽ ഒരു വിഭാഗം വിമർശനം ഉന്നയിച്ച് രംഗത്തെത്തി. ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഏരിയ കമ്മിറ്റിയിലും അംഗങ്ങൾ ആരോപണവുമായി രംഗത്തെത്തിയത്.

പണം വാങ്ങിയതിൽ ശക്തമായ തെളിവുണ്ടെന്ന് ആരോപിക്കുന്ന ഒരു വിഭാഗം, പാർട്ടി കമീഷനെ വെച്ചാൽ തെളിവുകൾ ഹാജരാക്കാമെന്നും വ്യക്തമാക്കി. അതേസമയം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ നടന്ന പൊതു പരിപാടികളിൽ എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം സമുദായത്തെ ഇകഴ്ത്തി സംസാരിച്ചപ്പോൾ അദ്ദേഹവുമായി വേദി പങ്കിട്ട മുൻ മന്ത്രി വി.എൻ. വാസവൻ എതിർത്തില്ലെന്ന് കിളിമാനൂർ ഏരിയ കമ്മിറ്റിയിലും വിമർശനം ഉണ്ടായി. എന്നാൽ, ആഗോള അയ്യപ്പ സംഗമം പാർട്ടിയുടെ അറിവോടെയാണ് നടത്തിയതെന്ന വി.എൻ. വാസവന്റെ വിശദീകരണം കമ്മിറ്റിയിൽ ഭൂരിഭാഗം പേരും എതിർത്തു.

വെള്ളാപ്പള്ളി നടേശനെ എതിർക്കേണ്ട സ്ഥലങ്ങളിലൊന്നും എതിർക്കാതെ, പുകയ്ത്തി സംസാരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന് കമ്മിറ്റി വിലയിരുത്തി. കൂടാതെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിയെ അനാവശ്യമായി ഉയർത്തികാട്ടിയെന്നും ഒരു വിഭാഗം ആരോപിച്ചു. 2016-2021ൽ പിണറായി വിജയൻ സർക്കാറിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ ജില്ലാ, ഏരിയ നേതാക്കൾക്ക് പങ്കുണ്ടെന്ന് കഴക്കൂട്ടം ഏരിയ കമ്മിറ്റിയിലും വിമർശനം ഉയർന്നു.

Tags:    
News Summary - CPM area committee alleges Some people took money from BJP and defeated Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.