‘സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകൻ, പ്രതികളെ അറസ്റ്റ് ചെയ്യണം’; വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും

തിരുവനന്തപുരം: ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിലായിരിക്കെ സിദ്ധാർഥന്‍റെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും. എസ്.എഫ്.ഐ പ്രവർത്തകൻ സിദ്ധാർഥന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്നാണ് ഫ്ലക്സ് ബോർഡിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

സി.പി.എം പതിനൊന്നാം കല്ല് യൂണിറ്റും ഡി.വൈ.എഫ്.ഐ യൂണിറ്റുമാണ് ബോർഡ് സ്ഥാപിച്ചത്. ‘വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ സിദ്ധാർഥന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം’ എന്നാണ് ഫ്ലക്സ് ബോർഡിൽ അച്ചടിച്ചത്.

അതേസമയം, സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ അവകാശവാദം തള്ളി കുടുംബം രംഗത്തെത്തി. എന്നാൽ, സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നില്ലെന്ന് കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായവരെല്ലാം എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ള ഭാരവാഹികളും, കോളജ് യൂനിയൻ പ്രസിഡന്‍റ് അടക്കമുള്ളവരുമാണ്.

പൊലീസ് പട്ടിക പ്രകാരം 18 പേരാണ് കേസിലെ പ്രതികൾ. ഇതിൽ പത്തു പേർ അറസ്റ്റിലായി. കേസിൽ ഇനി എട്ടു പേരെ കൂടി പിടികൂടാനുണ്ട്. സംഭവത്തിൽ എസ്.എഫ്.ഐ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സിദ്ധാർഥന്‍റെ വീടിന് മുമ്പിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ബോർഡ് സ്ഥാപിച്ചത്.

Tags:    
News Summary - CPM and DYFI with Flux Board installed in front of Siddharth's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.