ആലപ്പുഴ: സി.പി.ഐ ഈർക്കിൽ പാർട്ടിയാണെന്നും തങ്ങൾ തീരുമാനിച്ചാൽ ഇല്ലാതാക്കുമെന്നും സി.പി.എം നേതാക്കൾ. കുട്ടനാട്ടിൽ കരുത്തുതെളിയിക്കാൻ സി.പി.എം നടത്തിയ കാൽനടജാഥയുടെ സമാപനയോഗത്തിലെ പ്രസംഗത്തിലാണ് നേതാക്കൾ സി.പി.ഐക്കുനേരെ പരിഹാസവും രൂക്ഷവിമർശനവും ഉന്നയിച്ചത്. കൂടുതൽ പേർ സി.പി.എം വിട്ട രാമങ്കരി പഞ്ചായത്തിൽ നടന്ന ജാഥയുടെ സമാപന യോഗത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ. പ്രസാദ്, ഏരിയ കമ്മിറ്റി അംഗം സി.പി. ബ്രീവൻ എന്നിവരാണ് സി.പി.ഐയെ കടന്നാക്രമിച്ചത്. 25 വർഷം മുമ്പെടുത്ത അച്ചടക്കനടപടി മുൻകാലപ്രാബല്യത്തോടെ വേണ്ടെന്നുവെച്ചാൽ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അടക്കമുള്ളവർ സി.പി.എമ്മിലേക്ക് തിരികെ വരുമെന്ന് കെ. പ്രസാദ് പറഞ്ഞു.
സി.പി.ഐ ഈർക്കിൽ പാർട്ടിയാണ്. സി.പി.എമ്മിനൊപ്പം മുന്നണിയായി നിൽക്കുന്നതുകൊണ്ടാണ് നേരെനിൽക്കാൻ പറ്റുന്നത്. ആന വായ് പൊളിക്കുന്നതുകണ്ട് അണ്ണാൻ വായ് പൊളിച്ചിട്ട് കാര്യമില്ല. കഴുതയെപ്പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാർട്ടി വിട്ടതെന്ന പരിഹാസവുമുണ്ടായി. ഇരിക്കാൻ ആളില്ലാതെ സി.പി.ഐ ഓഫിസ് അടച്ചുപൂട്ടേണ്ടിവരും.
കേരളത്തിന്റെ പുരോഗതിയെ എതിർത്ത നിലപാട് സ്വീകരിച്ചവരാണ് സി.പി.ഐ. ആദ്യകാലത്ത് വലതുപക്ഷ രാഷ്ട്രീയത്തോടൊപ്പമായിരുന്നു. മുന്നണി ഒക്കെ ഒന്നാണെങ്കിലും തുടക്കം മുതൽ സി.പി.ഐ അവസരവാദികളുടെ പാർട്ടിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
സി.പി.ഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവള -ആഞ്ചലോസ്
ആലപ്പുഴ: കുട്ടനാട്ടിലെ സി.പി.എം പരസ്യവിമർശനത്തിന് മറുപടിയുമായി സി.പി.ഐ രംഗത്ത്. ബി.ജെ.പി സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ കുട്ടനാട്ടിലെ ജാഥകളെ സി.പി.ഐ വിരുദ്ധ ജാഥകളാക്കി മാറ്റിയെന്നും ചില സി.പി.എം നേതാക്കളുടെ ലക്ഷ്യം ദുരൂഹമാണെന്നും സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചു. കുട്ടനാട്ടിലെ സി.പി.എം കാൽനടജാഥയിൽ നേതാക്കൾ നടത്തിയ വിമർശനത്തിന് മറുപടിയായി ഇറക്കിയ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യകാലത്ത് വലതുപക്ഷ രാഷ്ട്രീയത്തിനൊപ്പം സി.പി.ഐ കൂട്ടുകൂടിയെന്ന വികല ഗവേഷണം നടത്തുന്നവർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലും ത്രിപുരയിലും സി.പി.എം കോൺഗ്രസിനൊപ്പം ആയിരുന്നുവെന്ന യാഥാർഥ്യം വിസ്മരിക്കരുത്. കേരളത്തിൽ സി.പിഐയോടൊപ്പംനിന്ന ഘട്ടങ്ങളിൽ മാത്രമാണ് സി.പി.എമ്മിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടുള്ളത്. സി.പി.എം തീരുമാനിച്ചാൽ സി.പി.ഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവളയാണ്. ‘സ്ലിറ്റ് സിന്‍ഡ്രോം’ എന്ന രോഗം ബാധിച്ചവരാണ് ഭിന്നിപ്പിനെ പ്രകീര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.