എം.വി. ഗോവിന്ദൻ

ഇടതുപക്ഷനയം മുഴുവൻ സർക്കാറിന് നടപ്പാക്കാനാകില്ല; സി.പി.ഐയുടെ വിമർശനം മുഖവിലക്കെടുക്കുമെന്നും എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ഇടതുപക്ഷനയം മുഴുവൻ സർക്കാറിന് നടപ്പാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.ഐ എതിർപ്പ് തള്ളി പി.എം ശ്രീ ധാരണ പത്രത്തിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പി.എം ശ്രീ നിലപാടിൽ മാറ്റമില്ല. പി.എം ശ്രീയിലെ പണം കേരളത്തിന് ലഭിക്കണം. കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട പണം സംസ്ഥാനത്തിന് കിട്ടണം. അന്നും ഇന്നും പി.എം ശ്രീയിലെ നിബന്ധനകൾക്ക് എതിരാണ് സംസ്ഥാന സർക്കാർ. ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയായാണ് വിഷയത്തെ കോൺഗ്രസ് കാണുന്നത്. രാജ്യത്ത് ആദ്യമായി പി.എം ശ്രീയിൽ ഒപ്പിട്ടത് കോൺഗ്രസ് ഭരിക്കുന്ന അന്നത്തെ രാജസ്ഥാനാണ്. സി.പി.ഐയുമായി വിഷയം ചർച്ച ചെയ്യും. സി.പി.ഐ മുന്നണിയിലെ പ്രബലമായ ശക്തിയാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

ഇടതുപക്ഷ നയം മുഴുവൻ സർക്കാറിന് നടപ്പാക്കാനാകില്ല. സി.പി.ഐയുടെ വിമർശനം മുഖവിലക്കെടുക്കും. വിവിധ പദ്ധതികളിൽ 8000 കോടി കേന്ദ്രം കേരളത്തിന് കിട്ടാനുണ്ട്. ഇത് സർക്കാറിന് കിട്ടേണ്ട പണമാണ്. നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും പണം സംസ്ഥാനത്ത് കിട്ടണം. സി.പി.ഐയെ അപമാനിച്ചിട്ടില്ല. വളച്ചൊടിച്ചത് മാധ്യമങ്ങളാണ്. ഒന്നും പ്രതികരിക്കാനില്ല എന്നാണ് ഉദ്ദേശിച്ചത്. എന്ത് സി.പി.ഐ എന്ന് ചോദിച്ചത് മാധ്യമങ്ങളാണ് വലിയ പ്രശ്നമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി.എം ശ്രീയിൽ ഒപ്പിട്ടതിൽ സി.പി.ഐ കടുത്ത നടപടി സ്വീകരിക്കുമെന്ന വാർത്തകൾക്കിടെയാണ് ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്. കടുത്ത എതിർപ്പിനിടയിലും പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സി.പിഎം ആവർത്തിച്ചു. വിഷയത്തിൽ സി.പി.ഐ ആശങ്ക പരിഹരിക്കുന്നതിനായി വിശദമായ ചർച്ചക്ക് തയാറാണെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. നയംമാറ്റുന്ന പ്രശ്നമില്ലെന്നും പി.എം ശ്രീയിൽ ഒപ്പിടാനുള്ള സാഹചര്യം വ്യക്തമാക്കുമെന്നുമാണ് സി.പി.എം നേതൃത്വം സൂചിപ്പിക്കുന്നത്.

വിയോജിപ്പ് പരസ്യമാക്കിയും രാഷ്ട്രീയ സമ്മർദം കടുപ്പിച്ചും നിലപാടിൽ ഉറച്ചുനിന്ന സി.പി.ഐയെ ഞെട്ടിച്ചാണ് പി.എം ശ്രീയിൽ സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. പദ്ധതിയിലെ വിയോജിപ്പ് സി.പി.എമ്മിനെ അറിയിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗൺസിൽ യോഗത്തിൽ അറിയിച്ചതിന് പിന്നാലെയാണ് കരാറിൽ ഒപ്പിട്ട വാർത്ത പുറത്തുവന്നത്. രൂക്ഷവിമർശനവുമായി സി.പി.ഐ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളും രംഗത്തുവന്നു.

സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്‍റെ (എസ്.എസ്.കെ) ഡയറക്ടർ ഡോ. എ.ആർ. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. മൂന്നുതവണ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജൻ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു.

പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.

Tags:    
News Summary - CPI's criticism will be taken Seriously -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.