തുഷാര്‍ ഗാന്ധിക്കെതിരായ നടപടി ഫാഷിസമാണോയെന്ന് സി.പി.എം വ്യക്തമാക്കണം -കെ. സുധാകരന്‍

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയെ വഴി തടഞ്ഞ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നടപടി, ബി.ജെ.പി ഫാഷിസ്റ്റ് സംഘടനയാണോയെന്ന് രാപ്പകല്‍ ചര്‍ച്ചചെയ്യുന്ന സി.പി.എമ്മിന്റെ കണ്ണുതുറപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇത്​ നവ ഫാഷിസമാണോ പഴയ ഫാഷിസമാണോയെന്ന് സി.പി.എം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങളുടെ നേരെയാണ് ബി.ജെ.പി കൈയുയര്‍ത്തിയത്. ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്ന ഇത്തരം കിരാത നടപടികള്‍ കേരളത്തിലേക്കും വ്യാപിച്ചെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

അഭിപ്രായം പറയുന്നവരെ കൈയേറ്റം ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്നില്ല. പൗരന്റെ സ്വാതന്ത്ര്യവും അവകാശവും കവര്‍ന്നെടുക്കുന്നതാണ് ഏറ്റവും വലിയ ഫാഷിസം. അത്തരം ഫാഷിസ്റ്റ് നടപടികൾക്കെതിരെ നിയമാനുസൃത നടപടിയുണ്ടാകണം. എന്നാല്‍, ഗാന്ധിജിയുടെ പ്രപൗത്രനെതിരെ കൈയേറ്റം നടന്നിട്ടും പിണറായി സര്‍ക്കാറിന് അനക്കമില്ല. ദല്‍ഹി ധാരണകള്‍ക്ക് വിരുദ്ധമാകുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നു.

സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചതുകൊണ്ട് തീരുന്ന പ്രശ്നമല്ലിത്. ശക്തമായ നടപടിയുമുണ്ടാകണം. തുഷാര്‍ ഗാന്ധിയെ ആക്രമിച്ച സംഭവത്തെ ഫാഷിസം എന്നുപോലും വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറല്ല. ഫാഷിസത്തെക്കുറിച്ച് സി.പി.എമ്മിന്​ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം കറുത്ത ശക്തികള്‍ തലപൊക്കുന്നതെന്നും മതേതര കേരളത്തിനേറ്റ ആഴത്തിലുള്ള മുറിവാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CPIM should clarify whether the attack on Tushar Gandhi was a result of fascism K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.