ജി. സുധാകരൻ
ആലപ്പുഴ: സൈബർ ആക്രമണ വിവാദങ്ങൾക്കിടെ, മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സി.പി.എം നേതാക്കൾ വീട്ടിലെത്തി. ജില്ല സെക്രട്ടറി ആർ. നാസർ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത എന്നിവരാണ് അദ്ദേഹത്തെ സന്ദർശിച്ചത്. സുധാകരനെതിരെ ഉണ്ടായ സൈബർ ആക്രമണത്തിൽ പാർട്ടി സ്വീകരിച്ച നടപടി അദ്ദേഹത്തെ നേരിട്ട് അറിയിച്ചെന്നാണ് വിവരം. സൈബർ ആക്രമണത്തിനെതിരെ സുധാകരൻ പരസ്യമായി രോഷം പ്രകടിപ്പിച്ചിരുന്നു.
ആദ്യ ദിനങ്ങളിൽ ഈ പ്രതികരണത്തെ നിസ്സാരമായാണ് പാർട്ടി നേതൃത്വം കണ്ടത്. വി.എസ്. അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി മരിച്ചതറിഞ്ഞ് അവരുടെ വീട്ടിൽ എത്തിയ നേതാക്കൾ സുധാകരനെയും സന്ദർശിക്കുകയായിരുന്നു.
19ന് വി.എസ്. അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാര സമർപ്പണം കുട്ടനാട്ടിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് നേതാക്കളെത്തിയതെന്നും വിവരമുണ്ട്. പാർട്ടി പരിപാടികളിൽനിന്ന് തന്നെ ഒരുവിഭാഗം ബോധപൂർവം മാറ്റിനിർത്തുന്നുവെന്നതായിരുന്നു പ്രധാനമായും സുധാകരന്റെ പരാതി. ആലപ്പുഴയിൽ നടന്ന കെ.പി.സി.സിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സുധാകരനെതിരെ സൈബർ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.