സി.പി.ഐ കുരക്കും പക്ഷെ കടിക്കില്ല; പല്ലും നഖവും എ.കെ.ജി സെന്‍ററിൽ പണയം വെച്ചിരിക്കുകയാണ് - ചെറിയാൻ ഫിലിപ്പ്

കോഴിക്കോട്: സി.പി.ഐ കുരക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണെന്ന് ചെറിയാൻ ഫിലിപ്പ്. ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ഛർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പരിഹസിച്ചു.

45 വർഷമായി സി.പി.ഐയുടെ പല്ലും നഖവും എ.കെ.ജി സെന്‍ററിൽ പണയം വെച്ചിരിക്കുകയാണ്.

പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സി.പി.എം - ബി.ജെ.പി രഹസ്യ ബന്ധത്തെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എംശ്രീയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ സി.പി.ഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ചെറിയാൻ ഫിലിപ്പിന്‍റഎ രൂകഷവിമർശനം. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെതിരെ സി.പി.ഐ വിദ്യാർഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫും സി.പി.ഐ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫും രംഗത്തെത്തിയിട്ടുണ്ട്.

'നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിൽ ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തെ വഞ്ചിച്ച മുൻ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ വി ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ'-എന്നാണ് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.അഥിൻ ഫേസ്ബുക്കിൽ കുറിച്ചത്.

സി.പി.ഐ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പി.എംശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ.ഐ.വൈ എഫ്.സംസ്ഥാന എക്‌സിക്യൂട്ടിവ് വ്യക്തമാക്കി.

പി.എംശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട് പി.എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത്.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അത് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരവും ആർ.എസ്. എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പി.എംശ്രീ പദ്ധതിക്കെതിരായ നിലപാട് മയപെടുത്താൻ അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭങ്ങൾക്ക് എ.ഐ.വൈ.എഫ് ന്നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി.ടി ജിസ്‌മോൻ എന്നിവർ അറിയിച്ചു.

മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി.പി.ഐയിലെ പൊതുവികാരം.

സി.പി.ഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെയാണ് കഴിഞ്ഞ ദിവസം കേരളം പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി വാസുകിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ്.എസ്.കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി.പി.ഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്. 

Tags:    
News Summary - CPI will bark but not bite; It has pledged its teeth and nails to the AKG Center - Cherian Philip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.