തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി വിജയൻ മാറിനിൽക്കണമെന്ന സി.പി.ഐ നിലപാടിനിടെ തീരുമാനം വീണ്ടും സി.പി.എം സംസ്ഥാന ഘടകത്തിന്റെ പരിഗണനയിലേക്ക്. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനുള്ള സംഘടനാപരമായ സമഗ്ര പരിശോധനയുടെ തുടക്കമെന്ന നിലയിലാണ് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് യോഗം ചേരുന്നതെങ്കിലും പ്രതിപക്ഷ നേതൃ നിർണയവും അജണ്ടയിലുണ്ട്.
പിണറായി പ്രതിപക്ഷ നേതാവാകേണ്ടെന്നത് മാത്രമല്ല, പ്രതിപക്ഷ ഉപ നേതൃ പദവിയിൽ കൂടി സി.പി.ഐ അവകാശവാദമുന്നയിച്ചിട്ടുണ്ട്. ജനവിധിയിൽ ഭരണവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ പിണറായി വിരുദ്ധ വികാരവുമുണ്ടായി എന്നതാണ് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് പിണറായി വിജയൻ മാറി നിൽക്കണമെന്ന സി.പി.ഐ നിലപാടിന് ആധാരം.
10 വർഷത്തെ ഭരണശേഷമുള്ള കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായിയുടെ മേൽ ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത് പ്രതിപക്ഷ നേതാവെന്ന പുതിയ നിയോഗത്തിന് മേലും ധാർമികമായ ചോദ്യങ്ങൾ ഉയർത്തും. പാർട്ടിയിൽ മാറ്റംവേണമെന്ന നിലപാട് ചില കേന്ദ്ര നേതാക്കൾക്കുണ്ട്. മാത്രമല്ല, സി.പി.എമ്മിലും മുന്നണിക്കുള്ളിലും പുതിയ മുഖങ്ങൾ നേതൃനിരയിലേക്ക് വരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചർച്ചകൾ മെലിയുകയും തീരുമാനങ്ങളെല്ലാം നേതൃതലത്തിലെ ചിലരിലേക്ക് മാത്രമായി പരിമിതപ്പെടുകയും ചെയ്തതാണ് പരാജയത്തിന് കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ഇത് പരിഹരിക്കാൻ സ്വതന്ത്രവും നിർഭയവുമായ തുറന്ന ചർച്ചകളിലേക്ക് സി.പി.എം കടക്കുകയാണ്. ഈ ഘട്ടത്തിൽ, സി.പി.ഐയുടെ കൂടി വിയോജിപ്പ് നിലനിൽക്കെ വീണ്ടും ‘മുകളിൽ നിന്നുള്ള തീരുമാനം’ ഉണ്ടാകുമോ എന്നതും കണ്ടറിയണം.
അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനത്തും പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. മുഖ്യമന്ത്രി എന്ന നിലയിലുള്ള 10 വർഷത്തെ അനുഭവസമ്പത്ത് സഭയിലെ പോരാട്ടത്തിൽ വലിയ കരുത്താകുമെന്നും ഇവർ കരുതുന്നു. പാർട്ടിക്കുള്ളിൽ ഇപ്പോഴും വലിയ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം.
മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി വിജയന് ഇളവു നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയത്. ഇപ്പോൾ പ്രതിപക്ഷ നേതാവായാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെയെങ്കിലും അദ്ദേഹം ഈ പരിഗണനകളിൽ തുടരാം.
ഇതിനിടെ വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണൻ ഉപനേതാവുമായതിന് സമാനം, പിണറായി പ്രതിപക്ഷ നേതാവും കെ.എൻ ബാലഗോപാൽ ഉപനേതാവുമാകാനുള്ള സാധ്യതയുമുണ്ട്. പദവിയിൽ പിണറായിയും പ്രയോഗത്തിൽ ബാലഗോപാലുമെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തേക്ക് കെ രാജന്റെ പേര് മുൻനിർത്തിയാണ് സി.പി.ഐ നീക്കമാരംഭിച്ചത്. ഇതാദ്യമായാണ് മുന്നണിയിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിന് സി.പി.ഐ ആവശ്യമുയർത്തുന്നത്. ഇടതുമുന്നണിയുടെ സീറ്റ് നില മുൻനിർത്തിയാണ് സി.പി.ഐയുടെ അവകാശവാദം. സ്വതന്ത്രരടക്കം 86 എം.എൽ.എമാർ മൽസരിച്ച സി.പി.എമ്മിന് 26 എം.എൽ.എമാരെയാണ് വിജയിപ്പിക്കാനായത്. അതായത് 30.26 ശതമാനം. എന്നാൽ 25 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് എട്ട് എം.എൽ.എമാരുണ്ട്. അതായത് 32 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.