തിരുവനന്തപുരം: പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സർവിസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐക്കാരെ ആക്രമിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. സംഘർഷം അക്രമത്തിലേക്ക് തിരിയുന്നതും അക്രമസംഭവങ്ങൾ വിഡിയോയിൽ പകർത്തി അക്രമകാരികൾതന്നെ പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ പ്രവർത്തനത്തിന്റെ തലത്തിൽനിന്ന് ക്രിമിനൽ ഗുണ്ട പ്രവർത്തനമായി തരംതാഴുന്നതാണെന്ന് ഡി.വൈ.എഫ്.ഐയെ പേരെടുത്ത് പറയാതെ മുഖപ്രസംഗത്തിൽ ആരോപിച്ചു. ഇത് സമൂഹത്തെ അസ്വസ്ഥമാക്കുന്നു.
ഗുണ്ടാ സംഘങ്ങൾ ഹീന അക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് ഗുണ്ടാ സംസ്കാരത്തിന്റെ ഭാഗമായിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണിത്.
കൊടുമണിൽ അടക്കം പലയിടത്തും സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവർ മുന്നോട്ടുവന്നത് അതത് പ്രദേശത്തെ രാഷ്ട്രീയ ബലാബലത്തെ സ്വാധീനിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവർ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർ ആയിരുന്നില്ല. ജനാധിപത്യത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പേരിൽ രംഗത്തുവന്ന ഗുണ്ടാ സംഘമാണ് സി.പി.ഐ നേതാക്കൾക്കും അവരുടെ വീടുകൾക്കും നേരെ അക്രമം നടത്തിയത്.
തങ്ങളുടെ പേരിൽ നടന്ന അക്രമങ്ങളെ അപലപിക്കാൻ ആ സംഘടന മുതിരാത്തിടത്തോളം അവർ ഗുണ്ടാസംഘങ്ങൾക്ക് പാളയം ഒരുക്കുന്നെന്ന് കരുതണം. ഇടതുമുന്നണിയിലെ അവിഭാജ്യഘടകമായ സംഘടനയുടെ പേരിൽ അരങ്ങേറിയ അക്രമം മുന്നണിയെയും സർക്കാറിനെയുമാണ് പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കിയത്. ഇടതുമുന്നണിയും ഘടകകക്ഷികളും അവരുടെ ബഹജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹിക വിരുദ്ധരുടെയും താവളം ആയിക്കൂട. ജനങ്ങളിൽ ഇടതിനെ ഒറ്റപ്പെടുത്താനേ അക്രമം സഹായിക്കൂ. അക്രമവും സർവാധിപത്യ പ്രവണതയും കൊണ്ട് എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിർത്താമെന്നത് വ്യാമോഹമാണെന്നും ജനയുഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.